ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടി യു.പിയില്‍ വിശാല സഖ്യത്തിന് കളമൊരുങ്ങുന്നു; ബിഎസ്പിക്ക് സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അഖിലേഷ്

single-img
11 June 2018

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യത്തിനായി ഏതാനും ലോക്‌സഭാ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയിച്ചതിന് പിന്നാലെയാണ് സഖ്യ നീക്കം ശക്തമാകുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ രൂപം കൊണ്ട വിശാല സഖ്യത്തില്‍ സീറ്റുകളെചൊല്ലി ഭിന്നതരൂപം കൊള്ളുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി 50 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണുന്നയിച്ചത്.

ആകെ 80 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. വിശാലസഖ്യത്തില്‍ സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും പുറമേ കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും അംഗങ്ങളാണ്. ഈ സാഹചര്യത്തില്‍ 50 സീറ്റെന്ന ആവശ്യം മായാവതി പ്രകടിപ്പിച്ചത് മറ്റ് പാര്‍ട്ടികളെ ഞെട്ടിച്ചു.

എന്നാല്‍ അഖിലേഷ് യാദവാകട്ടെ ബിഎസ്പിയുടെ ആവശ്യത്തില്‍ തങ്ങള്‍ വിട്ട് വീഴ്ച്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി. നാലോ അഞ്ചോ സീറ്റുകള്‍ ഉപേക്ഷിക്കുന്നതിനും തന്റെ പാര്‍ട്ടി തയ്യാറാണെന്ന് അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തന്റെ ലക്ഷ്യം ബിജെപിയുടെ പരാജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ്പിയുമായി നിലവിലുള്ള സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് വിശാലസഖ്യത്തിന് രൂപം നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിശാലസഖ്യം വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിശാലസഖ്യം തുടരണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്. എന്നാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ക്കായുള്ള ആവശ്യം ബിഎസ്പി ഏകപക്ഷീയമായി മുന്നോട്ട് വെച്ചത് മറ്റ് പാര്‍ട്ടികളില്‍ ആശയകുഴപ്പത്തിന് കാരണമായി.

എന്നാല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും ബിജെപിയുടെ പരാജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും അഖിലേഷ് പ്രഖ്യാപിച്ചതോടെ ആശയകുഴപ്പമകന്നിരിക്കുകയാണ്. ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ വൈകാതെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് വിശാലസഖ്യം.