ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരും; ജാഗ്രതാ നിർദേശം: കാലവർഷക്കെടുതിയിൽ മരണം പത്തായി

single-img
10 June 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. മഴകെടുതിയിൽ ജീവന്‍ നഷ്ടമായവരുടെ എണ്ണം പത്തായി. ഇന്നലെ മാത്രം ആറ് പേർ മരിച്ചിരുന്നു. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തെക്ക് –പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാവും. നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള -ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുരുത്. ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കും.

ആറുകളും തോടുകളും കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. അതിനിടെ, കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി.