തീരദേശത്ത് ഇനി വറുതിയുടെ നാളുകള്‍:ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 52 ദിവസത്തെ ട്രോളിംഗ് നിരോധനം

single-img
9 June 2018

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. കഴിഞ്ഞ കാലങ്ങളില്‍ ട്രോളിംഗ് നിരോധന കാലയളവ് 47 ദിവസമായിരുന്നു. എന്നാല്‍ ട്രോളിംഗ് നിരോധനത്തിന്റെ കേന്ദ്രനയമനുസരിച്ച് 61 ദിവസമാണ് കാലയളവ്. ഘട്ടംഘട്ടമായി കേന്ദ്രനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം 52 ദിവസമായി ഉയര്‍ത്തിയത്.

അതേസമയം ട്രോളിംഗ് നിരോധന കാലയളവ് വര്‍ദ്ധിപ്പിച്ചതിനെതിരെ മത്സ്യ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. കാലയളവ് നീട്ടിയതിനെ ചോദ്യം ചെയ്ത് ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റും അടിയ്ക്കടിയുണ്ടായ കടല്‍ ക്ഷോഭങ്ങളും കാരണം നിരവധി തോഴില്‍ ദിനങ്ങളാണ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നഷ്ടമായത്. ഈ സാഹചര്യത്തില്‍ ട്രോളിംഗ് കാലത്ത് മുന്‍വര്‍ഷത്തേക്കാള്‍ ദുരിത മേറുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ട്രോളിംഗ് നിരോധന കാലത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ ഇനിയും തീരദേശ മേഖലകളിലെത്തിയിട്ടില്ല. അടിയന്തരമായി മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യ തൊഴിലാളി സംഘടനകളുടെ ആവശ്യം. ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് തീരദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ തീരദേശ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.