ജോസ് കെ മാണി രാജ്യസഭാംഗമാകുന്നതോടെ കോട്ടയത്ത് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചര്‍ച്ചകള്‍ സജീവം.

single-img
9 June 2018

ലോക്‌സഭാംഗമായ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കേരളാ കോണ്‍ഗ്രസില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചകളും സജീവമാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെഎം മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ ജയമുറപ്പല്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്‌സഭാംഗമായ ജോസ് കെ മാണിയെ രാജ്യസഭയിലേക്കയയ്ക്കാന്‍ കെഎം മാണി തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം അടുത്തതെരഞ്ഞെടുപ്പിലുണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. ഇടയ്ക്ക് മുന്നണി വിട്ട് പോയതും വീണ്ടും യുഡിഎഫിലെത്തിയപ്പോള്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കെഎം മാണിക്കറിയാം. ഈ സാഹചര്യത്തില്‍ വ്യക്തി പ്രഭാവമുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിയിലുണ്ട്.

ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്റ്റിയറിംഗ് കമ്മറ്റിയാകും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുക. എന്നാല്‍ നേരത്തെ ആളെ കണ്ടെത്തിയാല്‍ മണ്ഡലത്തില്‍ സജീവമാകുന്നതിന് കഴിയുമെന്ന അഭിപ്രായമുള്ള പാര്‍ട്ടി നേതാക്കളുമുണ്ട്. എന്തായാലും ആരാകണം സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയാകും അന്തിമ തീരുമാനമെടുക്കുക.