സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രന് തന്നെ മുന്‍തൂക്കമെങ്കിലും ആര്‍എസ്സ്എസ്സ് നിലപാട് നിര്‍ണ്ണായകമാകും.

single-img
9 June 2018


സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി കൊച്ചിയിലെത്തിയ ദേശീയ നേതാക്കള്‍ കോര്‍കമ്മറ്റിയംഗങ്ങളില്‍ നിന്നും സംസ്ഥാന ഭാരവാഹികളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. ഇതില്‍ കൂടുതല്‍ പേരും സുരേന്ദ്രനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നാണറിയുന്നത്. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നതിനെ എതിര്‍ക്കുന്ന പികെ കൃഷ്ണദാസ് വിഭാഗമാകട്ടെ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാമെന്ന് ദേശീയ നേതാക്കളെ അറിയിച്ചു.

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചതായാണറിയുന്നത്. നിലവില്‍ ജനറല്‍ സെക്രട്ടറിയായ എംടി രമേശിനെതിരെ മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നത് അദ്ദേഹം സംസ്ഥാന പ്രസിഡന്റാകുന്നതിന് തടസ്സമാകുമെന്ന് മനസിലാക്കിയാണ് കൃഷ്ണദാസ് പക്ഷം മറ്റൊരു ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരും മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസിന്റെ പേരും മുന്നോട്ട് വെച്ചത്.

കെ സുരേന്ദ്രനോട് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടെങ്കിലും സംസ്ഥാനത്ത് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം ശക്തി പ്രാപിക്കുമോ എന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ആര്‍എസ്സ്എസ്സിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ കണക്കിലെടുക്കും. ആര്‍എസ്സ്എസ്സിനെ സംബന്ധിച്ചടുത്തോളം സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നതിനോട് താല്പര്യമില്ല. എന്നാല്‍ ബിജെപി യില്‍ താഴെതട്ടില്‍ പൊതുവെ സ്വീകാര്യനായ വ്യക്തി സുരേന്ദ്രനാണെന്ന് ആര്‍എസ്സ്എസ്സിനുമറിയാം. ഈ സാഹചര്യത്തില്‍ സുരേന്ദ്രന് പകരം മറ്റൊരാള്‍ ആര്‍എസ്സ്എസ്സ് പിന്‍തുണയോടെ വന്നാല്‍ ബിജെപിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്ക ചില ആര്‍എസ്സ്എസ്സ് നേതാക്കള്‍ക്കുണ്ട്.അതുകൊണ്ട് തന്നെ ആരെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചാലും അത് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനമായി പ്രഖ്യാപിക്കണമെന്നാണ് ആര്‍എസ്സ്എസ്സ് ആഗ്രഹിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം ബിജെപി നേതാക്കളെ അറിയിച്ചതായും ചില ആര്‍എസ്സ്എസ്സ് നേതാക്കള്‍ പറയുന്നുമുണ്ട്. സംസ്ഥാനത്തെ ചില മുതിര്‍ന്ന ആര്‍എസ്സ്എസ്സ് നേതാക്കളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡെല്‍ഹിക്ക് വിളിക്കുകയും ഇവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു..