രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ് (എം) ന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം ശമിപ്പിക്കാന്‍ എകെ ആന്റണി ഇടപെടുമോ..?

single-img
9 June 2018

സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവനേതാക്കള്‍ വരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള തീരുമാനം നിഗൂഡമെന്നാണ് വിഎം സുധീരന്‍ ആരോപിച്ചത്. സുധീരനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് രംഗത്ത് വരുകയും ചെയ്തു. സുധീരന്റേത് സമനില തെറ്റിയത് പോലുള്ള പ്രതികരണമാണെന്നും പാര്‍ട്ടി വേദികളില്‍ വിമര്‍ശനമുന്നയിക്കണമെന്ന് കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ സുധീരന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ നേതാക്കള്‍ തമ്മിലുള്ള പോര് കോണ്‍ഗ്രസില്‍ മുറുകുകയാണ്. യുവനേതാക്കളാകട്ടെ ഒറ്റയ്ക്കും കൂട്ടായും നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തുകയാണ്.

കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമുള്ള ഫേസ് ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം രംഗത്ത് വരുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപെട്ട നേതൃത്വത്തെ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ ബല്‍റാം പാര്‍ട്ടിയുടെ വ്യവസ്ഥാപിത വേദികളിലൊന്നും ചര്‍ച്ചചെയ്യാതെയാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഒരുപടികൂടി കടന്ന അനില്‍ അക്കര എംഎല്‍എ കഴിവുകെട്ട നേതൃത്വവും ഉപദേശികളും മാറണമെന്ന് തുറന്നടിച്ചു. പ്രശ്‌നത്തില്‍ എകെ ആന്റണി ഇടപെടണമെന്നും അദ്ദേഹം ആവശ്യപെട്ടു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും പ്രതിഷേധമുയര്‍ത്തുമ്പോഴും എകെ ആന്റണി മൗനത്തിലാണ്.

ഇതുവരെയും ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് ആന്റണി തയ്യാറായിട്ടില്ല. സാധാരണ പ്രവര്‍ത്തകര്‍ പോലും ആന്റണിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നുണ്ട്. എംഎം ഹസ്സനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവെന്ന നിലയ്ക്ക് ആന്റണിയുടെ ഇടപെടലുണ്ടാകണമെന്ന സാധാരണ കോണ്‍ഗ്രസുകാരുടെ ആഗ്രഹമാകാം അനില്‍ അക്കര പ്രകടിപ്പിച്ചത്. എന്തായാലും രാജ്യസഭാ സീറ്റിനെചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന പിജെ കുര്യനെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കുര്യനാകട്ടെ ചെന്നിത്തലയോടല്ല ഉമ്മന്‍ചാണ്ടിയോടാണ് രോഷമൊക്കെ അക്കാര്യം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസിനുള്ളില്‍ അലയടിക്കുന്ന പ്രതിഷേധം ശമിപ്പിക്കുന്നതിന് ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലാണ് മുതിര്‍ന്ന നേതാവെന്ന നിലയില്‍ എകെ ആന്റണിയില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിക്കുന്നത്.