ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത: ഗുരുതരമായ അശ്രദ്ധ മൂലം 24 മണിക്കൂറിനിടെ അഞ്ച് രോഗികള്‍ മരിച്ചു

single-img
8 June 2018

കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.

എസി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരും സമ്മതിക്കുന്നുണ്ട്. ഐസിയുവിലെ നഴ്‌സിങ് വിഭാഗം തലവന്‍ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിക്കുകയാണ് അധികൃതര്‍ ചെയ്തത്.

ഇതോടെ ശുദ്ധവായു ലഭിക്കാനായി ബന്ധുക്കള്‍ ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് രോഗികളുടെ അവസ്ഥ വീണ്ടും മോശമാക്കി. ഇതേത്തുടര്‍ന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍, കയ്യില്‍ പിടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫാനുകളും വിശറികളുമായി ബന്ധുക്കളും നഴ്‌സുമാരും ശ്രമം നടത്തിയെങ്കിലും സ്ഥിതിയില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല.

സാഹചര്യം കൂടുതല്‍ വഷളായതോടെയാണ് 24 മണിക്കൂറിനുള്ളില്‍ അഞ്ച് രോഗികള്‍ മരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. എസി തകരാറിലായതല്ല മരണകാരണമെന്നും രോഗികളുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നെന്നും സ്വാഭാവിക മരണങ്ങളാണിതെന്നും അധികൃതര്‍ പറഞ്ഞു. ഇതേസമയം, ഐസിയുവിലെ എസി പ്രവര്‍ത്തനരഹിതമായിട്ട് കുറച്ച് ദിവസമായെന്ന് ഐസിയു വിഭാഗം തലവന്‍ സൌരഭ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് യുപിയിലെ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി നവജാത ശിശുക്കള്‍ മരിച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് ശേഷിച്ച കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ ഖാന്‍ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്ത് യോഗി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടത്തിയ നടപടി വലിയ വിവാദമായിരുന്നു.