കോണ്‍ഗ്രസ് നാശത്തിലേക്കെന്ന് പൊട്ടിത്തെറിച്ച് വിഎം സുധീരന്‍: മാണി തിരികെയെത്തിയ യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപോയി: കോണ്‍ഗ്രസിലെ അസംതൃപ്തര്‍ക്ക് സ്വാഗതമെന്ന് ബിജെപി

single-img
8 June 2018

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമകുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപി ആയിരിക്കുമെന്നും കോണ്‍ഗ്രസ് നാശത്തിലേക്ക് പോവുകയാണെന്നും പറഞ്ഞു.

ഇതുപോലെ പ്രതിഷേധമുണ്ടാകുന്ന സംഭവം കോണ്‍ഗ്രസിലുണ്ടായിട്ടില്ല. എല്ലാവരേയും വിശ്വസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമായിരുന്നു ഐക്യമുന്നണിയുടെ വിജയം. ഇപ്പോഴത്തെ ശൈലി ഒട്ടും സുതാര്യമല്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. മാണിയുടെ തിരിച്ച് വരവ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ചര്‍ച്ചചെയ്‌തെങ്കിലും ഇപ്പോള്‍ സ്വീകരിച്ച രീതി അതില്‍ ചര്‍ച്ചയായില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തകരിലും ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയാകുന്ന വിഷയമായത് കൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സുധീരന്‍ വിശദീകരിച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണിയില്‍ വരുന്നതിനോട് എതിര്‍പ്പില്ല എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും സുധീരന്‍ വ്യക്തമാക്കി.

നേരത്തെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കരുതെന്ന് വിഎം സുധീരന്‍ ഹൈക്കമാന്റിനോട് ആവശ്യപെട്ടിരുന്നു. സീറ്റ് മാണി വിഭാഗത്തിന് നല്‍കുവാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ യുഡിഎഫ് യോഗം ബഹിഷ്‌ക്കരിച്ച് പരസ്യപ്രസ്താവന നടത്തിയത്.

അതേസമയം രാജ്യസഭാ സീറ്റ് ദാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കലാപം തുടരുന്നതിനിടെ അസംതൃപ്തരായ നേതാക്കള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ബി.ജെ.പി. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ബി.ജെ.പിയിലെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നത്. 2019ലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്.

തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്നും വിവരമുണ്ട്. പുതിയ തീരുമനം വന്നതോടെ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്നും അകന്നു പോയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായും അജയ് തറയില്‍ ചൂണ്ടിക്കാട്ടി.