മോദിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍

single-img
8 June 2018

മഹാരാഷ്ട്രയിലെ ഭീമാ കോറിഗോണ്‍ കലാപവുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തിലാണ് നിര്‍ണ്ണായക വിവരമുള്ളതെന്ന് പൂനെ പോലീസ് പറയുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് സംഘടനാ പ്രവര്‍ത്തകന്‍ സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമസെന്‍, റോണ വില്‍സണ്‍ എന്നിവരുടെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

ഇവരെ മുംബൈ, നാഗ്പൂര്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് പരിശോധനയില്‍ റോണവില്‍സണിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തിലാണ് രാജീവ് ഗാന്ധി കൊല്ലപെട്ടതിന്റെ മാതൃകയില്‍ മറ്റൊരു വധത്തെക്കുറിച്ചും സൂചനയുള്ളതായി പൂനെ പോലീസ് പറയുന്നത്.

എം 4 റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുള്ളതിനെക്കുറിച്ചും കത്തില്‍ സൂചനയുണ്ട്. മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെകുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം, പരാജയപെടുകയും ചെയ്യാം.
എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ച് നില്‍ക്കുന്നതായാണ് കത്തിലെ പരാമര്‍ശമെന്നാണ് പൂനെ പോലീസ് പറയുന്നത്.

ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചിട്ടുമുണ്ട്. ഭീമാ കോറിഗോണ്‍ കലാപത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കുണ്ടെന്ന് ഈ കത്തില്‍ നിന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു. 200 വര്‍ഷം മുന്‍പ് നടന്ന ഭീമ കോറിഗോണ്‍ യുദ്ധത്തിന്റെ സ്മരണ പുതുക്കുന്നതിനായി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്തിന് പിന്നാലെയാണ് കലാപമുണ്ടായത്.

പരിഷത്തില്‍ ചില ദളിത് സംഘടനാ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചതാണ് കലാപത്തിന് കാരണമായതെന്നാണ് പോലീസ് ആരോപിക്കുന്നത്. ദളിതുകളായ മഹര്‍ പോരാളികള്‍ ഉള്‍പെട്ട ബ്രിട്ടീഷ് സേന പെഷ്വ സേനയെ ആക്രമിച്ച് മറാത്ത ഭരണത്തിന് അന്ത്യം കുറിച്ച യുദ്ധമാണ് ഭീമ കോറിഗോണ്‍.

യുദ്ധത്തെ ദളിതുകള്‍ അവരുടെ വിജയമായി കാണുമ്പോള്‍ മറാത്താ വംശജര്‍ ഇതിനെ എതിര്‍ക്കുന്ന നിലപാടിലാണ്. അതേസമയം കലാപവുമായി ബന്ധപെട്ട് പോലീസ് കസ്റ്റഡിയിലുള്ള മലയാളിയായ റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ പോലീസ് കേസില്‍ കുടുക്കിയതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപിക്കുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ബിഎ ആളൂരാണ് ഹാജരായത്. പോലീസ് ഇവരെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപെട്ടു. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആളൂര്‍ ഇതിനെ ശക്തമായി തന്നെ എതിര്‍ത്തു. പോലീസിന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇവരെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.