സംസ്ഥാനത്ത് കനത്ത മഴ തുടരും; ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രതാനിര്‍ദ്ദേശം

single-img
8 June 2018

തിരുവനന്തപുരം: തിങ്കളാഴ്ചവരെ കേരളത്തില്‍ കനത്ത മഴപെയ്യാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലക്കമ്മിഷനും അറിയിച്ചിട്ടുണ്ട്.

മഴ ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആവശ്യമെങ്കില്‍ മലയോര മേഖലയില്‍ യാത്രാനിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുരന്തപ്രതികരണ കേന്ദ്രം കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി.