“പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണിയുണ്ടെന്നത് കെട്ടുകഥ; ഭീഷണി കത്തുകള്‍ കെട്ടിച്ചമച്ചത്; ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും മോദിക്ക് വധഭീഷണിയുണ്ടെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു”

single-img
8 June 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയെന്നത് കെട്ടുകഥയെന്ന് കോണ്‍ഗ്രസ്സ്. നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെന്ന കാര്യം ബിജെപിക്ക് മനസിലായിരിക്കുകയാണ്. അതുകൊണ്ടാണ് വധഭീഷണിയുണ്ടെന്ന കാര്യം പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം ആരോപിച്ചു.

രാജീവ് ഗാന്ധിയെ വധിച്ച മോഡലില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നതായി പൂനെ പോലീസാണ് തെളിവുകള്‍ ഉദ്ദരിച്ച് കോടതിയില്‍ അറിയിച്ചത്. ഭീമാ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍ പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ച് തങ്ങളെ കേസില്‍ കുടുക്കുകയായിരുന്നെന്നാണ് അറസ്റ്റിലായവരുടെ ആരോപണം. നരേന്ദ്രമോദിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം വ്യാജവാര്‍ത്തകളും കെട്ടുകഥകളുമൊക്കെ പ്രചരിപ്പിച്ചിരുന്നതായി മനസിലാക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ചൂണ്ടിക്കാട്ടുന്നു.

മോദിക്ക് വധഭീഷണിയില്ലെന്ന് താന്‍ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സഞ്ജയ് നിരുപം മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയെന്ന വാര്‍ത്തകളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദിക്ക് വധഭീഷണിയുണ്ടെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നെന്നും ജനപ്രീതിയിലിടിവുണ്ടാകുമ്പോഴാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജീവ് ഗാന്ധി മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായുള്ള പൊലീസ് വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവും രംഗത്തെത്തി. രസകരമായ ചില കത്തുകള്‍ നമ്മുടെ പൊലീസുകാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഭീമ കൊറേഗണ്‍ കലാപവുമായി ബന്ധപ്പെട്ടവയാണ് ചിലതെന്ന് അവര്‍ പറയുന്നുണ്ടെന്നും മറ്റു ചിലത് മോദി വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതുമാണെന്നും കട്ജു ഫേസ്ബുക്കില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഇത്തരത്തിലുള്ള കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും മനപൂര്‍വം തയ്യാറാക്കിയെടുത്തതാണെന്നും ചിലര്‍ പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനാവില്ലെന്നാണ് കട്ജു പറയുന്നത്. സാമം ദാനം ദണ്ഡം ഭേദം എന്നിവ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കപ്പെടാറുള്ളതാണല്ലോയെന്നും കട്ജു ഫേസ്ബുക്കില്‍ ചോദിക്കുന്നു.