രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ‘കലിപ്പടങ്ങാതെ’ കോണ്‍ഗ്രസ് നേതാക്കള്‍; എല്ലാത്തിനും പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പിജെ കുര്യന്‍

single-img
8 June 2018

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് പിജെ കുര്യന്‍ നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിന് ഹൈക്കമാന്റ് തയ്യാറായതെന്ന് പിജെ കുര്യന്‍ ആരോപിക്കുന്നു.

കേരളാ കോണ്‍ഗ്രസ് പോലും മുന്നണിയിലേക്ക് മടങ്ങിയെത്തുന്നതിന് രാജ്യസഭാ സീറ്റ് കൂടിയേതീരൂവെന്ന ഉപാധിവെച്ചില്ലെന്നും കേരളത്തില്‍നിന്ന് ഡെല്‍ഹിയിലെത്തിയ മൂന്ന് നേതാക്കളുടെ പിടിപ്പ്‌കേടുകൊണ്ടാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിച്ചതെന്നും കുര്യന്‍ ആരോപിക്കുന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യസമിതി നോക്ക് കുത്തിയായെന്ന വിമര്‍ശനവും പിജെ കുര്യന്റെ ഭാഗത്ത് നിന്നുണ്ട്. 2012 ലും തനിക്ക് സീറ്റ് നല്‍കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ലായിരുന്നെന്നും അന്ന് രമേശ് ചെന്നിത്തലയുടേയും എകെ ആന്റണിയുടേയും നിലപാട് കൊണ്ടാണ് തനിക്ക് സീറ്റ് ലഭിച്ചതെന്നും പിജെ കുര്യന്‍ പറയുന്നു.

തനിക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപെട്ട് ആദ്യംരംഗത്ത് വന്നവരില്‍ പലരും ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്നവരാണെന്നും പിജെ കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപം കൊള്ളുന്ന അസ്വസ്ഥതയാണ് കുര്യന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വിഎം സുധീരനും സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കരുതെന്ന് ഹൈക്കമാന്റിനോട് ആവശ്യപെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാക്കളും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്..