ഒന്നാമന്‍ കുഞ്ഞാലിമരയ്ക്കാറായി അഭിനയിക്കുന്നത് മധു; രണ്ടാമനെയും മൂന്നാമനെയും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലില്‍ അണിയറപ്രവര്‍ത്തകര്‍

single-img
8 June 2018

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാറില്‍ നാല് മരയ്ക്കാന്മാരില്‍ ഒന്നാമന്‍ കുഞ്ഞാലി മരയ്ക്കാറായി അഭിനയിക്കുന്നത് നടന്‍ മധു. അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. നാല് മരയ്ക്കാന്മാരെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള ഓട്ടത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ഹാസന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും.

അതുകൊണ്ട് തന്നെ കാസ്റ്റിംഗ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നൂറ് കോടി രൂപയ്ക്ക് മുകളിലാണ് കുഞ്ഞാലിമരയ്ക്കാര്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായത്. പ്രിയദര്‍ശനൊപ്പം ഐവി ശശിയുടെ മകന്‍ അനി ശശിയും സഹതിരക്കഥാകൃത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.