പികെ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളില്‍ ‘ഹൈക്കമാന്റും വീണു’: മാണിയെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നതെന്ത് ?

single-img
8 June 2018

എംപിയായി ഡെല്‍ഹിയിലേക്ക് പോയെങ്കിലും കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് യുഡിഎഫില്‍ തനിക്ക് ഇപ്പോഴും നല്ല പിടിമുറുക്കമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഒറ്റ ദിവസംകൊണ്ട് തെളിയിച്ചു. മുന്നണിയെയാകെ കുഞ്ഞാലിക്കുട്ടി നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത് എന്നു തോന്നുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കണമെന്ന കാര്യത്തില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പികെ കുഞ്ഞാലിക്കുട്ടി കെഎം മാണിയുമായി ആശയവിനിമയം നടത്തിയിരുന്നു. മുന്നണിയിലേക്ക് മടങ്ങി വരണമെന്ന് യുഡിഎഫ് നേതാക്കള്‍ പാലായിലെ വീട്ടിലെത്തി കെഎം മാണിയോട് ആവശ്യപെട്ടപ്പോള്‍ മാണി ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്‍തുണ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ യുഡിഎഫിന് ചെങ്ങന്നൂരില്‍ ദയനീയ പരാജയമാണുണ്ടായത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് നേതൃത്വം യുഡിഎഫില്‍
തങ്ങള്‍ തഴയപെടുമോ എന്ന ആശങ്കയിലായി. എന്നാല്‍ കൃത്യസമയത്ത് ഇടപെട്ട കുഞ്ഞാലിക്കുട്ടി യുഡിഎഫില്‍ നിലവിലുള്ള ഘടകകക്ഷികളുടെ അവസ്ഥ ഹൈക്കമാന്റിനെ ബോധിപ്പിക്കുകയായിരുന്നു.

മുസ്ലീംലീഗ് കൂടി ഇടയുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതിന് ഹൈക്കമാന്റ് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതിലൂടെ നേട്ടമുണ്ടായത് മുസ്ലീം ലീഗിനാണ്. തെളിച്ച് പറഞ്ഞാല്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് ഈ നീക്കത്തിന്റെ ഗുണമുണ്ടാവുക.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിനുള്ളില്‍ കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് കൂറുമുന്നണിയുമായി ലീഗ് രംഗത്ത് വന്നാലും അത്ഭുതപെടേണ്ടതില്ല. നിര്‍ണ്ണായക ഘട്ടം വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് കുഞ്ഞാലിക്കുട്ടി അവകാശവാദ മുന്നയിക്കുന്നതിനും സാധ്യതയുണ്ട്.

ഇങ്ങനെയോരു അവസരമുണ്ടായാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്‍തുണയും ലീഗ് കണക്ക് കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫില്‍ തക്കസമയത്ത് കൃത്യമായ ഇടപെടല്‍ നടത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും വലിയ വിലപേശല്‍ ശക്തിയായി മുസ്ലീംലീഗും പികെ കുഞ്ഞാലിക്കുട്ടിയും മാറുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്………..