ബോക്‌സ്ഓഫീസ് കളക്ഷനില്‍ കബാലിയുടെ അടുത്തുപോലും എത്താതെ കാല

single-img
8 June 2018

രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ കാല ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ആദ്യദിനം നേടിയത് 50 കോടിയിലധികം രൂപ. 3 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ ദിനം നേടിയത്. കൂടുതല്‍ കളക്ഷന്‍ വരും ദിവസങ്ങളില്‍ നേടാന്‍ ചിത്രത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ നിന്ന് 17 കോടി രൂപയും, ആന്ധ്രയില്‍നിന്ന് 7 കോടി രൂപയുമാണ് കാല നേടിയത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി. അതേസമയം കബാലിയുടെ അടുത്തുപോലും എത്താന്‍ ആദ്യദിന കളക്ഷനില്‍ കാലയ്ക്ക് കഴിഞ്ഞില്ല. 87.5 കോടി രൂപയായിരുന്നു കബാലിയുടെ ആദ്യ ദിന കളക്ഷന്‍.

ചിത്രത്തിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് കര്‍ണാടകയില്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയ അനൗദ്യോഗിക നിരോധനമാണ്. കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കാലയുടെ റിലീസ് പലയിടത്തും നടക്കാതിരുന്നത്. 17 കോടി രൂപയാണ് വിദേശങ്ങളില്‍നിന്ന് ആകെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ഇതെല്ലാം കൂടി കൂട്ടുമ്പോള്‍ 51 കോടി രൂപയോളമാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. ഇതൊരു ഏകദേശ കണക്ക് മാത്രമാണ്. ഫൈനല്‍ കളക്ഷന്‍ ഫിഗേഴ്‌സില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കും. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭ വിരുദ്ധ പ്രസ്താവനയുമാണ് തമിഴ്‌നാട്ടില്‍ തന്നെ ചിത്രത്തിന് കളക്ഷന്‍ കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.