സംസ്ഥാന അധ്യക്ഷനെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി: കെ സുരേന്ദ്രന്‍ അധ്യക്ഷനായാല്‍ പാര്‍ട്ടി ഏകാധിപത്യത്തിലാകുമെന്നും വ്യക്തിപരമായ നേട്ടത്തിന് പാര്‍ട്ടിയെ ഉപയോഗിക്കുമെന്നും ഒരു വിഭാഗം

single-img
8 June 2018

കൊച്ചിയില്‍ ബിജെപി സംസ്ഥാന ഭാരവാഹികളില്‍ നിന്ന് ദേശീയ നേതാക്കള്‍ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞു. ഇതില്‍ ഭൂരിപക്ഷം ഭാരവാഹികളും കെ സുരേന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ പികെ കൃഷ്ണദാസിനെ അനുകൂലിക്കുന്ന സംസ്ഥാന ഭാരവാഹികള്‍ കടുത്ത എതിര്‍പ്പാണുയര്‍ത്തിയത്. സുരേന്ദ്രനെ പോലൊരാള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായാല്‍ പാര്‍ട്ടി ഏകാധിപത്യത്തിലാകുമെന്നും വ്യക്തിപരമായ നേട്ടത്തിന് പാര്‍ട്ടിയെ ഉപയോഗിക്കുമെന്നും അദ്ദേഹത്തെ എതിര്‍ക്കുന്ന ഒരു സംസ്ഥാന ഭാരവാഹി ദേശീയ നേതാക്കളെ അറിയിച്ചു.

ജില്ലാ പ്രസിഡന്റുമാരില്‍ ഏഴുപേര്‍ക്ക് വി മുരളീധരപക്ഷത്തോടാണ് ആഭിമുഖ്യം. സംസ്ഥാന ഭാരവാഹികളില്‍ ഒരുപക്ഷത്തും പെടാത്തവര്‍ സ്വീകരിക്കുന്ന നിലപാടാകും നിര്‍ണ്ണായകമാവുക. കൃഷ്ണദാസിനോടും വി മുരളീധരനോടും ആഭിമുഖ്യം പുലര്‍ത്താത്തവര്‍ക്ക് സുരേന്ദ്രനോട് എതിര്‍പ്പില്ല.

കെ സുരേന്ദ്രനെ ശക്തമായി എതിര്‍ക്കുന്ന ആര്‍എസ്സ്എസ്സ് നേതാക്കള്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായാണ് വിവരം.
പ്രസിഡന്റ് ആരായാലും സംഘടനാ സെക്രട്ടറിയിലൂടെ ബിജെപിയെ നിയന്ത്രിക്കാമെന്നാണ് ആര്‍എസ്സ്എസ്സ് നിലപാട്. അതേസമയം എതിര്‍പ്പുയര്‍ത്തുന്ന കൃഷ്ണദാസ് പക്ഷത്തിനാകട്ടെ ദേശീയ ഭാരവാഹിത്വത്തിലടക്കം നോട്ടമുണ്ട്.

സുരേന്ദ്രനൊപ്പം, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കാട്ടീല്‍ എം പി എന്നിവരാണ് സംസ്ഥാന ഭാരവാഹികളുമായും ജില്ലാ പ്രസിഡന്റുമാരുമായും ആശയവിനിമയം നടത്തുന്നത്.