കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: മലപ്പുറത്തെ ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി

single-img
8 June 2018

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് അജ്ഞാതര്‍ മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തരയോടെ ലീഗ് പതാക പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെത്തന്നെ ലീഗിന്റെ കൊടി അഴിച്ചുമാറ്റി.

മുന്നണിയുടെ പോലും ഭാഗമല്ലാത്ത മാണിഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.

 

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: മലപ്പുറത്തെ ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: മലപ്പുറത്തെ ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി http://www.evartha.in/2018/06/08/iuml-flag.html

Posted by Evartha TV on Thursday, June 7, 2018

 

കെ.എം.മാണിയുടെ പുനഃപ്രവേശം സംബന്ധിച്ചു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും. കോണ്‍ഗ്രസും മുസ്‌ലിം ലീഗും മാത്രം എന്ന നിലയിലാണ് ഇപ്പോള്‍ യുഡിഎഫ്.

ഇതു നല്ലതല്ലെന്നും കേരള കോണ്‍ഗ്രസിനെക്കൂടി കൊണ്ടുവരണമെന്നും ഏറെക്കാലമായി ഹൈക്കമാന്‍ഡും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. അതിനുള്ള കളമൊരുക്കാനും മധ്യസ്ഥതയ്ക്കുമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയത്.

മാണിയെ അന്തസ്സായി മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണു ഡല്‍ഹിയില്‍ നടപ്പായത്. ചെങ്ങന്നൂരില്‍ കൂടി തോറ്റതോടെ അതു നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു ലീഗ് കോണ്‍ഗ്രസിനോടു തുറന്നുപറഞ്ഞു. രാജ്യസഭാ സീറ്റാണു പോംവഴിയെങ്കില്‍ അതു ചെയ്യണം. മറിച്ചെങ്കില്‍ തങ്ങളും കൂടെയുണ്ടാകില്ലെന്ന മുന്നറിയിപ്പ് ഉയര്‍ന്നു.

മാണിയല്ല, യഥാര്‍ഥത്തില്‍ ലീഗാണു വിലപേശിയത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി വേണോ മുന്നണിയെ ലീഗ് ശക്തിപ്പെടുത്തേണ്ടതെന്ന ചോദ്യമാണു പാര്‍ട്ടിയില്‍ ശക്തം. എന്നാല്‍ മാണിക്കായുള്ള ഈയവസരം കൂടി പാഴായാല്‍ പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണു ലീഗ് കണ്ടത്.

സീറ്റിനായി മാണി അവകാശവാദം ഉന്നയിച്ചപ്പോള്‍ അടുത്ത ഊഴം ഉറപ്പുനല്‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്താമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ അതുവഴി പാളുകയും ചെയ്തു. മുന്‍പ് 1994ല്‍ സമാന സാഹചര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജ്യസഭാ സീറ്റ് നല്‍കിയത് മുസ്‌ലിം ലീഗിനായിരുന്നു. അങ്ങനെയാണ് അബ്ദുസ്സമദ് സമദാനി രാജ്യസഭാംഗമാകുന്നത്. അന്നും ഇതുപോലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നതാണ്. ഇത്തവണ അതേ മുസ്‌ലിം ലീഗായിരുന്നു മധ്യസ്ഥന്റെ റോളില്‍.