എളമരം കരീം രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ മാണി

single-img
8 June 2018

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

മുതിര്‍ന്ന നേതാവിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന തീരുമാനത്തിലായിരുന്നു സിപിഎം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ ചെറിയാന്‍ ഫിലിപ്പ് എന്നിവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ അവസാന നിമിഷം എളമരം കരീമിന് നറുക്ക് വീഴുകയായിരുന്നു. കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടത് മുന്നണിക്ക് വിജയസാധ്യതയുള്ളത്. ഇതില്‍ ഒരുസീറ്റില്‍ സിപിഐ ആണ് മത്സരിക്കുന്നത്. സിപിഐ അവരുടെ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍ വ്യവസായ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവുമായ എളമരം കരീമിന് ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് രാജ്യസഭാംഗത്വം. സിപിഎമ്മിനെ സംബന്ധിച്ചിടത്താളം കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനും കര്‍ഷക നയത്തിനുമെതിരെ പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ എളമരം കരീമിനെപോലൊരു നേതാവിന്റെ സാനിധ്യം അനിവാര്യമാണ്.

ഇടത് മുന്നണി രണ്ട് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയ സീറ്റില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വേണമെന്ന നിലപാട് മുതിര്‍ന്ന നേതാവ് പിജെ ജോസഫിനെ അനുകൂലിക്കുന്നവര്‍ കെഎം മാണിയെ അറിയിച്ചിട്ടുണ്ട്.