പിജെ കുര്യനെ ഒഴിവാക്കിയത് കോണ്‍ഗ്രസ് എന്‍എസ്എസ് ബന്ധത്തെ ബാധിക്കും: ‘പണികിട്ടുന്നത്’ രമേശ് ചെന്നിത്തലയ്ക്ക്

single-img
8 June 2018

എന്‍എസ്എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവാണ് പിജെ കുര്യന്‍. കോണ്‍ഗ്രസിന്റെ പലപ്രതിസന്ധി ഘട്ടത്തിലും എന്‍എസ്എസ്സിന്റെ പിന്തുണ നേടാന്‍ സഹായിച്ചത് കുര്യനും എന്‍എസ്എസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള അടുപ്പമാണ്.

സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ അടുപ്പമാണ് എന്‍എസ്സ്എസ്സിന് കുര്യനോടുണ്ടായിരുന്നത്. സൂര്യനെല്ലികേസില്‍ പോലും കുര്യനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, കോണ്‍ഗ്രസുകാര്‍ പോലും തള്ളിപറഞ്ഞപ്പോള്‍ എന്‍എസ്എസ്സ് നേതൃത്വം കൈകൊണ്ട നിലപാടാണ് കുര്യന് തുണയായത്.

എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തില്‍ നിന്ന് എന്‍എസ്സ്എസ്സ് യുഡിഎഫിനോട് അകലുന്ന പ്രതീതിയുണ്ടായതായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് പിജെ കുര്യന് സീറ്റ് നിഷേധിച്ചിരിക്കുന്നത്.

ഫലത്തില്‍ എന്‍എസ്സ്എസ്സിനോട് അടുപ്പമുള്ള നേതാവിനെ ഒഴിവാക്കാന്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. കുര്യനെതിരെ പാര്‍ട്ടിയില്‍ ഉടലെടുത്ത യുവകലാപവും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഈ കലാപത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പിജെ കുര്യന്‍ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. എന്‍എസ്സ്എസ്സിനെ ശത്രുവാക്കി മാറ്റിയാല്‍ കോണ്‍ഗ്രസില്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുക രമേശ് ചെന്നിത്തലയ്ക്ക് തന്നെയാകും. ഇക്കാര്യം നന്നായി അറിയാവുന്നത് ഉമ്മന്‍ചാണ്ടിക്കുമാണ്. എന്തായാലും ഇനിയങ്ങോട്ട് എന്‍എസ്എസ് സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്…