പണം എടുക്കാന്‍ എടിഎം കാര്‍ഡ് മറ്റൊരാളെ ഏല്‍പ്പിക്കരുത്….. പണം നഷ്ടപ്പെടും: ഭാര്യയുടെ കാര്‍ഡ് ഭര്‍ത്താവ് ഉപയോഗിച്ചാലും പണം കിട്ടില്ല

single-img
8 June 2018

എടിഎം കാര്‍ഡോ പിന്‍നമ്പറോ കൈമാറ്റം ചെയ്യരുതെന്ന മുന്നറിയിപ്പു ബാങ്കില്‍നിന്ന് എല്ലാവര്‍ക്കും കൃത്യമായി ലഭിക്കാറുണ്ട്. എന്നാല്‍ ഇതുപാലിക്കുന്ന എത്രപേരുണ്ടാകും? പലപ്പോഴും ബന്ധുവിന്റെയോ സുഹൃത്തിന്റെയോ കയ്യില്‍ എടിഎം കാര്‍ഡ് നല്‍കി പണം പിന്‍വലിപ്പിക്കുകയാണു കൂടുതല്‍ പേരും ചെയ്യാറുള്ളതും.

എന്നാല്‍ ഇത്തരത്തില്‍ പിന്‍വലിക്കുന്ന പണം നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിത്തം ഏല്‍ക്കില്ലെന്ന് അറിയാമോ?. ദമ്പതികളോ സുഹൃത്തുക്കളോ പോലും മറ്റൊരാളുടെ എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ബാങ്കിങ് നിയമം. ചെക്കോ ഓതറൈസേഷന്‍ ലെറ്ററോ ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കാവുന്നതാണെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു.

ബെംഗളുരുവില്‍ വന്ദന, രാജേഷ്‌കുമാര്‍ ദമ്പതികള്‍ക്ക് കാര്‍ഡ് കൈമാറിയതില്‍ ഇരുപത്തി അയ്യായിരം രൂപയാണ് നഷ്ടമായത്. എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കുന്നതിന് വന്ദനയുടെ എടിഎം കാര്‍ഡുപയോഗിച്ച് രാജേഷ് ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല.

എന്നാല്‍ ഇടപാട് നടന്നതായി രേഖപെടുത്തിയ സ്ലിപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിയുമായി രാജേഷ് എസ്ബിഐ കോള്‍ സെന്ററിനെ സമീപിച്ചു. എടിഎം തകരാറായിരിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ പണം ലഭിക്കുമെന്നും ബാങ്ക് മറുപടി നല്‍കി.

പണം ലഭിക്കാതെ വന്നതോടെ വീണ്ടും പരാതിയുമായി ബാങ്കിനെ സമീപിച്ചു. എന്നാല്‍ ഇടപാട് നടന്നെന്നും ഇവര്‍ക്ക് പണം ലഭിച്ചെന്നും പറഞ്ഞ് ബാങ്ക് പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിച്ച് ദമ്പതികള്‍ എടിഎമ്മി ല്‍ നിന്ന് പണം ലഭിച്ചില്ലെന്ന് ബാങ്കിനെ ബോധ്യപെടുത്തി.

അതേസമയം ബാങ്ക് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ഡുടമയായ വന്ദന ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരാതി മടക്കി. പിന്നാലെ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും അവിടെയും രഹസ്യ പിന്‍നമ്പര്‍ പങ്ക് വെച്ചതിനാല്‍ പരാതി നിരസിച്ചു.

തുടര്‍ന്ന് ദമ്പതികള്‍ ഉപഭോക്തൃ പരാതിപരിഹാര ഫോറത്തില്‍ പരാതി നല്‍കി. മൂന്നരവര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ എടിഎമ്മില്‍ 25000 രൂപ അധികമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനൊപ്പം വന്ദന പ്രസവിച്ച് കിടക്കുകയായിരുന്നെന്ന വാദവുമൊക്കെ ദമ്പതികള്‍ ഉയര്‍ത്തി.

എന്നാല്‍ പിന്‍ നമ്പര്‍ കൈമാറിയത് നിയമവിരുദ്ധമെന്ന ബാങ്കിന്റെ വാദം ഉപഭോക്തൃഫോറവും അംഗീകരിക്കുകയായിരുന്നു. ഇതോടെ കേസും തള്ളി.