Kerala

തിരുവനന്തപുരത്ത് ആദ്യരാത്രിയില്‍ വരന്‍ ‘പെണ്ണായ’ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി; ഏഴുകൊല്ലം പ്രണയിച്ചിട്ടും ‘കാമുകന്‍’ പെണ്ണായിരുന്നെന്ന് കാമുകി തിരിച്ചറിയാത്തതില്‍ അന്തംവിട്ട് നാട്ടുകാര്‍

തിരുവനന്തപുരം: നിര്‍ധനയായ ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ചത്.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യന്വേഷണമാണ് നടത്തുന്നത്. ആള്‍മാറാട്ടം നടത്തി എങ്ങിനെ ടെക്‌നോപാര്‍ക്കില്‍ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്. മറ്റേതെങ്കിലും പെണ്‍കുട്ടികളെ സാമ്പത്തികമായി തട്ടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളോ പൊലീസോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ടെക്‌നോപാര്‍ക്ക് അധികാരികളും ആള്‍മാറാട്ടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി.

സംഭവം ഇങ്ങനെ: ബി.എഡ് ബിരുദധാരിയും നിര്‍ദ്ധന കുംടുംബത്തിലെ അംഗവുമാണ് യുവതി. ഏഴു വര്‍ഷം മുന്‍പ് ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോയപ്പോഴാണ് അതേ കമ്പനിയില്‍ ജോലിക്കാരനായ ശ്രീറാം എന്ന യുവാവുമായി പരിചയത്തിലാകുന്നത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാള്‍ ധരിപ്പിച്ചത്. പരിചയം പിന്നെ പ്രണയമായി വളര്‍ന്നു. അതിനിടെ യുവതിയെ ഇയാള്‍ അച്ഛനമ്മമാരെ കാണിക്കാനായി കൊല്ലത്തെ വീട്ടില്‍ കൊണ്ടുപോയി. എന്നാല്‍, അവര്‍ കൊച്ചിയില്‍ പോയെന്ന് പറഞ്ഞതിനാല്‍ കാണാനായില്ല.

അതിനിടെ ‘യുവാവ് ‘ ടെക്‌നോപാര്‍ക്ക് വിട്ട് കരുനാഗപ്പള്ളിയില്‍ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും യുവതി വഴങ്ങിയില്ല. അയാളെതന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു. ഒടുവില്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതംമൂളി.

ക്ഷണക്കത്ത് തയ്യാറാക്കി വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു. പോത്തന്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ 31ന് വിവാഹം നിശ്ചയിച്ചു. മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുഹൂര്‍ത്ത സമയമെടുത്തപ്പോള്‍ വരന്‍ ഒറ്റയ്ക്ക് കാറിലെത്തി.

വീട്ടുകാര്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ വന്ന വാഹനം അപകടത്തില്‍പെട്ടെന്നും പിന്നാലെ വരുമെന്നും മറുപടി നല്‍കി. മുഹൂര്‍ത്ത സമയം ആയിട്ടും വീട്ടുകാര്‍ എത്തിയില്ലെങ്കിലും വരന്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ വിവാഹം നടന്നു. വരന്റെ നീക്കത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയില്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു.

വാടക വീട്ടിലായിരുന്നു വരന്‍ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കള്‍ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവന്‍ ആഭരണങ്ങള്‍ ബന്ധുക്കള്‍ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.

രാത്രിയില്‍ ‘വരന്’ തുരുതുരാ ഫോണ്‍കോള്‍ എത്തി. അതിലൊന്ന് യുവതിയ്ക്ക് കൈമാറി. അങ്ങേത്തലയ്ക്കല്‍ കേട്ടത് ഇങ്ങനെ: ‘കുട്ടി നീ രക്ഷപ്പെട്ടോ അവന്‍ ആണല്ല പെണ്ണാണ്. വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോള്‍ മുതല്‍ നിന്നെ ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിലാണ് കഴിയാതെ പോയത്.

ബുദ്ധിപരമായി രക്ഷപ്പെടുക. ഞാന്‍ പറഞ്ഞ ഈ വിവരം അവന്‍ അറിയരുത്.’ അതോടെ ഫോണ്‍ കട്ടായി. ഇതിനിടെ, നിന്റെ ആഭരണങ്ങള്‍ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെണ്‍കുട്ടിയോട് ‘വരന്‍’ പറയുകയും ചെയ്തു. കടമെടുത്ത് വാങ്ങിയതിനാല്‍ തല്‍ക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും യുവതി തന്ത്രപൂര്‍വമായ മറുപടി നല്‍കി.

ഫോണ്‍ വന്ന വിവരം യുവതി ‘വരനെ’ വെട്ടിച്ച് വീട്ടില്‍ അറിയിച്ചു. പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂര്‍വം വീട്ടുകാര്‍ നിര്‍ദ്ദേശിച്ചു. പിറ്റേന്ന് വരനെയും കൂട്ടി യുവതി വീട്ടിലെത്തി. വീട്ടുകാര്‍ ഇരുവരെയും പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പരിശോധനയില്‍ വരന്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. തിരിച്ചറിയാന്‍ കഴിയാത്തവിധം ആണ്‍വേഷം കെട്ടിയാണ് ഇവര്‍ നടന്നിരുന്നത്. വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പൊലീസ് ‘ പെണ്ണായ’ വരനെ പറഞ്ഞുവിടുകയായിരുന്നു.