ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നത് ശാസ്ത്രജ്ഞര്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം

single-img
7 June 2018

മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഉല്‍ക്ക ഭൂമിയില്‍ പതിച്ചു. ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയുടെ മുകളില്‍ വച്ച് എരിഞ്ഞു തീര്‍ന്ന ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ ബോട്‌സ്വാനാ ദക്ഷിണാഫ്രിക്ക അതിര്‍ത്തിയിലാണ് പതിച്ചത്. ജൂണ്‍ രണ്ടിനാണ് രണ്ട് മീറ്ററോളം ചുറ്റളവ് വരുന്ന ഉല്‍ക്ക ഭൂമിയില്‍ പതിച്ചത്.

ഒരു പതിറ്റാണ്ടിനിടെ ഇത് മൂന്നാം തവണയാണ് ഒരു ഉല്‍ക്ക ഭൂമിയുമായി നേരിട്ടു കൂട്ടിമുട്ടുന്നത്. ബോട്‌സ്വാനയ്ക്ക് മുകളില്‍ വച്ച് ഉല്‍ക്ക കത്തിത്തീരുന്ന ചിത്രങ്ങള്‍ നാസ പുറത്തു വിട്ടു. നാസയുടെ അരിസോണയിലുള്ള ഗവേഷക സംഘമാണ് ഉല്‍ക്കയെ കണ്ടെത്തിയത്.

തീരെ ചെറിയ ഉല്‍ക്കയായതിനാല്‍ അന്തരീക്ഷത്തില്‍ വച്ച് കത്തി തീര്‍ന്നു പോകുമെന്ന് ഗവേഷകര്‍ക്ക് ഉറപ്പായിരുന്നു. മണിക്കൂറില്‍ അറുപതിനായിരത്തിലധികം കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക ഭൂമിയിലേക്കെത്തിയത്. എല്‍എ 2018 എന്നാണ് ഉല്‍ക്കയ്ക്ക് നല്‍കിയ പേര്.

ഭൂമിയില്‍ പതിക്കും മുന്‍പ് കത്തിത്തീര്‍ന്നില്ലായിരുന്നുവെങ്കില്‍ മേഖലയില്‍ വലിയ ഗര്‍ത്തം സൃഷ്ടിക്കുന്നതിനും ഭൂകമ്പം ഉണ്ടാക്കുന്നതിനും ഉല്‍ക്ക കാരണമാകുമായിരുന്നു. ഉല്‍ക്കയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ദക്ഷിണാഫ്രിക്കയ്ക്കും ബോട്‌സ്വാനയ്ക്കും നല്‍കിയിരുന്നു.

ബോട്‌സ്വാനയിലെ നിരീക്ഷണ ക്യാമറകളും മറ്റും പകര്‍ത്തിയ കത്തുന്ന ഉല്‍ക്കയുടെ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാണ്. 2008ല്‍ 9 മണിക്കൂര്‍ മുന്‍പ് ഉല്‍ക്കയുടെ പതനം നാസ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. എന്നാല്‍ 2014ല്‍ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പാണ് നാസയ്ക്ക് ഉല്‍ക്കയുടെ വരവ് തിരിച്ചറിയാനായത്.