എടപ്പാള്‍ തിയേറ്ററിലെ പീഡനം: തെറ്റ് തിരുത്താനൊരുങ്ങി പോലീസ്; തിയേറ്റര്‍ ഉടമയെ മുഖ്യസാക്ഷിയാക്കും

single-img
7 June 2018

എടപ്പാളില്‍ 10 വയസ്സുകാരി തീയേറ്ററിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ശാരദ തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പോലീസ് പിന്‍വലിക്കും. കേസില്‍ സതീശന്‍ മുഖ്യസാക്ഷിയാകും. സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ മലപ്പുറം എസ്.പിക്ക് നിര്‍ദേശം കൈമാറി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.

തിയേറ്റര്‍ ഉടമയെ പോക്‌സോ നിയമപ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. തിയേറ്ററില്‍ ബാല പീഡനം നടന്ന വിവരം കൃത്യസമയത്ത് അറിയിച്ചില്ല, ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിയേറ്റര്‍ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഇതിനെതിരെ വ്യപക പ്രതിഷേധമുയര്‍ന്നിരുന്നു. തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്ന് നിയമോപദേശവും ആഭ്യന്തര വകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് തിയറ്റര്‍ ഉടമയെ മുഖ്യസാക്ഷിയാക്കാനൊരുങ്ങുന്നത്.

ഈ കേസുമായി ബന്ധപെട്ട് ആദ്യം മുതല്‍ പോലീസ് സ്വീകരിച്ച് വന്ന നടപടികള്‍ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. തിയറ്റര്‍ ഉടമയെ കസ്റ്റഡിയിലെടുത്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപംഉയര്‍ന്നു. പോലീസിനെതിരെ വനിതാകമ്മീഷനും സിപിഎം നേതാക്കളുമൊക്കെ രംഗത്ത് വന്നിരുന്നു. ഇത് കണക്കിലെടുത്താണ് പോലീസ് തിയറ്റര്‍ ഉടമയെ മുഖ്യസാക്ഷിയാക്കി മുഖം രക്ഷിക്കാനൊരുങ്ങുന്നത്..