ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച് പൊലീസിന്റെ വാഹനപൂജ: കോഴിക്കോട് സിറ്റി പോലീസ് വിവാദത്തില്‍

single-img
7 June 2018

സംസ്ഥാന പൊലീസിന്റെ വക വീണ്ടും വാഹന പൂജ. കോഴിക്കോട് സിറ്റി പൊലീസിന് അനുവദിച്ച പുതിയ വാഹനമാണ് ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ച് പുറത്തിറക്കിയത്. യൂണിഫോം അണിഞ്ഞാണ് പൊലീസുകാര്‍ വാഹനവുമായി ക്ഷേത്രത്തില്‍ എത്തിയത്.

പോലീസ് ചട്ടപ്രകാരം ഔദ്യോഗിക യൂണിഫോമില്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല എന്നിരിക്കെയാണ് ഒരു വിഭാഗം പോലീസുകാര്‍ യൂണിഫോമില്‍ ക്ഷേത്രത്തിലെത്തി വാഹനപൂജ നടത്തിയത്. സംഭവം പോലീസുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ തന്നെയാണ് വാഹന പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ വാഹന പൂജ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി പോലീസിന് അനുവദിച്ച വാഹനവും ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചത് നേരത്തെ വിവാദമായിരുന്നു.