ആലുവ എടത്തല പൊലീസ് മര്‍ദനത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി: ആലുവ സ്വതന്ത്ര റിപ്പബ്‌ളിക്കല്ലെന്നും മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

single-img
7 June 2018

പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ ആലുവ എടത്തല പൊലീസ് മര്‍ദനത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ കൊടിയ മര്‍ദനമേറ്റ ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കും എതിരെ മുഖ്യമന്ത്രി നിലപാടെടുത്തു. ഉസ്മാന്‍ തട്ടിക്കയറിയെന്നും ആദ്യം കൈവച്ചതും ഉസ്മാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് വീഴ്ചപറ്റി എന്നത് ശരിയാണ്. ഒരാള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുകയല്ല വേണ്ടത്. പ്രതിഷേധിച്ചവരില്‍ ഭീകരവാദി സ്വഭാവമുള്ളവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അന്‍വര്‍ സാദത്താണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പൊലീസ് വാഹനം തന്റെ ബൈക്കില്‍ ഇടിച്ചപ്പോള്‍ ഉസ്മാന്‍ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സസ്‌പെന്‍ഷനിലുള്ള ഇന്ദുചൂഡന്‍ എന്ന എസ്.ഐയാണ് പോക്‌സോ കേസ് അന്വേഷിക്കാന്‍ പോയതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

എന്നാല്‍, ഉസ്മാനാണ് പൊലീസിനോട് ആദ്യം തട്ടിക്കയറിയതെന്ന് മുമുഖ്യമന്ത്രി മറുപടി പറഞ്ഞു. പൊലീസ് ജീപ്പിന്റെ ഡ്രൈവറെ ഉസ്മാന്‍ ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ല. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി. നിയമപരമായി പെരുമാറുന്നതിന് പകരം പൊലീസ് സാധാരണക്കാരുടെ നിലവാരത്തിലേക്ക് തരം താഴരുതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോക്‌സോ കേസില്‍ മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് പൊലീസുകാര്‍ മഫ്തിയില്‍ പോയതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സംഭവത്തിന്റെ പേരില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ, ആലുവ എം.എല്‍.എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും.

ആലുവ സ്വതന്ത്ര റിപ്പബ്‌ളിക്കാണെന്ന് ആരും കരുതരുത്. തീവ്രവ സ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം രോഷാകുലരായതും നടുത്തളത്തിലിറങ്ങിയതും. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.