പിജെ കുര്യനെതിരായ നിലപാട് എകെ ആന്റണിക്കെതിരെ സ്വീകരിക്കുമോ?; കോണ്‍ഗ്രസിലെ യുവ കലാപകാരികളെ പൊളിച്ചടുക്കി എം വി ജയരാജന്‍

single-img
7 June 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംവി ജയരാജന്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനമാനത്തിനായി ഡെല്‍ഹിയിലേക്കുള്ള നെട്ടോട്ടത്തിലാണ്. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം നയത്തിനല്ല സ്ഥാനമാനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എംവി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ചിലര്‍ക്കായി റിസര്‍വ്വ് ചെയ്തിരിക്കുകയാണെന്ന് ചെറുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആക്ഷേപമുണ്ടെന്നും അതുകൊണ്ട് തന്നെ പിജെ കുര്യന്‍ ഇനി മത്സരിക്കരുതെന്നാണ് ചെറുപ്പക്കാരുടെ ആവശ്യമെന്നും പറയുന്ന എം വി ജയരാജന്‍ അങ്ങനെയെങ്കില്‍ എകെ ആന്റണിയെ വിമര്‍ശിക്കാന്‍ വിടി ബല്‍റാമുമാര്‍ക്ക് ഉശിരുണ്ടാകുമോ എന്നും ചോദിക്കുന്നു.

ചെങ്ങന്നൂരില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതായത് കൊണ്ടെല്ലെന്നുറപ്പാണെന്ന് എംവി ജയരാജന്‍ പോസ്റ്റില്‍ പറയുന്നു. അപ്പോള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വരുന്ന ചോദ്യം അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതാണെന്നും ജയരാജന്‍ പറയുന്നു.

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ പരിഹസിക്കുന്ന പോസ്റ്റില്‍ കുര്യനെതിരായ നിലപാട് യുവനേതാക്കള്‍ ആന്റണിക്കെതിരെ സ്വീകരിക്കുമോ എന്ന ചോദ്യത്തിലൂടെ എം വി ജയരാജന്‍ കോണ്‍ഗ്രസിലെ യുവനേതാക്കളുടെ നിസ്സഹായ അവസ്ഥ തന്നെയാണ് തുറന്ന് കാട്ടുന്നത്.