മുന്നണി വിടുമെന്ന് ലീഗിന്റെ ഭീഷണി:രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്?

single-img
7 June 2018

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ കോൺഗ്രസിൽ ധാരണയായെന്ന് സൂചന.കുഞ്ഞാലിക്കുട്ടി നിലപാട് കടുപ്പിച്ചതോടെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്റിലും സജീവമായി. രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കങ്ങളും ഇത്തരമൊരു തീരുമാനത്തിന് ഹൈക്കമാന്റിനെ പ്രേരിപ്പിക്കുകയാണ്.

രാജ്യസഭാ സീറ്റ് നല്‍കികൊണ്ട് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുത്താല്‍ അത് മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമാകുമെന്നാണ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചത്. പദവികളും സ്ഥാനങ്ങളും ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായാലേ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകൂ എന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കുന്നതിനായി രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശമാണ് ലീഗ് മുന്നോട്ട് വെച്ചത്. മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ മാത്രമല്ല മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളെ ഒപ്പം കൂട്ടുന്നതിനും ഇത്തരം നീക്കം ഉപകരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ നിലപാട് സ്വീകരിച്ചത്. മാത്രമല്ല കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി ബന്ധത്തെ അത് ബാധിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പ് കുഞ്ഞാലിക്കുട്ടി നല്‍കിയതായാണ് സൂചന.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് മുന്നണിയിലെത്തിയ ശേഷം ഇനി ഒഴിവുവരുന്ന സീറ്റില്‍ അവരെ പരിഗണിക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിലപാട് സ്വീകരിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന തീരുമാനത്തിലേക്കാകും ഹൈക്കമാന്റിനെ എത്തിക്കുക. ഇക്കാര്യത്തില്‍ എകെ ആന്റണിയുടെ അഭിപ്രായം ഹൈക്കമാന്റ് ആരായും. എന്തായാലും സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ യുവകലാപമടക്കമുള്ള വിഷയങ്ങള്‍ ഹൈക്കമാന്റ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

ഇതിനിടെ ഒരുകാരണവശാലും സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് സുധീരന്‍ ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു