പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വിവാഹ രജിസ്‌ട്രേഷന്‍ വൈകിയാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

single-img
7 June 2018

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി അറിയിച്ചു.

48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവുമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മേനക ഗാന്ധി പറഞ്ഞു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

സമീപ കാലത്തായി ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് കേസിലും മന്ത്രാലയം പാസ്‌പോര്‍ട്ടും വിസയും റദ്ദു ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ജൂണ്‍ 11ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ‘ലക്ഷമണ രേഖ’യാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.