മമ്മൂട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു

single-img
7 June 2018

 

തിരുവനന്തപുരം: മമ്മൂട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. നേരത്തെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. ഇതോടെ ‘അമ്മ’യുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളില്‍നിന്ന് വലിയ താരങ്ങള്‍ പിന്‍വാങ്ങുകയാണ്.

പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍നിന്ന് നയിക്കേണ്ടത് എന്ന വ്യക്തമായ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല, നിരവധി പ്രൊജക്ടുകളാല്‍ വലിയ തിരക്കിലായിരിക്കുമെന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം അദ്ദേഹത്തിന് നീക്കിവയ്ക്കാനും സാധിക്കില്ല. ഇത്തവണ ‘അമ്മ’ ഷോയിലും പരിപാടിയുടെ നട്ടെല്ലായി നിന്നത് മമ്മൂട്ടിയായിരുന്നു. വന്‍ വരുമാനമാണ് അമ്മയ്ക്ക് ഈ ഷോ നേടിക്കൊടുത്തത്. ഷോയ്ക്ക് ശേഷമാണ് തന്റെ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചത്.