‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍?; പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ നടപടിക്ക് സാധ്യത

single-img
7 June 2018

താരസംഘടനയായ അമ്മയില്‍ അഴിച്ചുപണി നടക്കുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഈ മാസം 24ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കും.

പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നാണ് വിവരം.

ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുന്നതെന്നാണ് സൂചന. എന്നാല്‍ മറ്റൊരാള്‍ ഇതേ സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുന്ന ഇടവേള ബാബുവിന്റെയും നിലപാട് ഇതു തന്നെയാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുമ്പായി നാട്ടില്‍ തിരിച്ചെത്തും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായാണ് അറിയുന്നത്.