Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയ പ്രവാസി മലയാളിയെ ദുബായ് കമ്പനി പിരിച്ചുവിട്ടു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയില്‍ നിന്ന് പുറത്താക്കി. ഫേസ്ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയ കൃഷ്ണകുമാര്‍ നായരെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എഞ്ചിനീയറിങ് കമ്പനിയുടെ ദുബൈയിലെ റിഗ്ഗിങ് സൂപ്പര്‍വൈസറായിരുന്നു ഇയാള്‍.

ഇയാളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കമ്പനിക്ക് വ്യാപകമായി മെയിലുകളും മെസേജുകളും ലഭിച്ചിരുന്നു. കമ്പനി നയങ്ങള്‍ക്ക് ചേരാത്ത നടപടിയാണ് കൃഷ്ണന്‍ നായരില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍ നടപടി. സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ പോസ്റ്റിടുന്നത് യു എ ഇ സൈബര്‍ നിയമപ്രകാരം 30 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ജോലി നഷ്ടമായെന്നും ആപത്ഘട്ടത്തില്‍ ഒരു ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും തന്നെ സഹായിച്ചില്ലെന്നും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു. ഇന്ന് ഓഫീസിൽ പോയപ്പോള്ളാണ് എന്റെ ജോലി പോയ വിവരം അറിഞ്ഞത്. ഞാൻ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് ഉടൻ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. ഇന്നലെ എന്നെ കാണുവാൻ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാൻ RSS കാരൻ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കൾ ആണെങ്കിലും എന്റെ പ്രായം കണക്കിൽ എടുത്ത് അവർ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയിൽ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി RSS കാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാൻ ചെറുപ്പം മുതലേ ഒരു RSS കാരൻ ആണ് ഇനി മരണം വരെയും ഞാൻ ഒരു RSS കാരൻ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്. ജയ് ശ്രീറാം??

Posted by Krishnakumarsn Nair on Wednesday, June 6, 2018

ജോലി പോയതിന് പിന്നാലെ കൃഷ്ണന്‍ നായര്‍ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം പറഞ്ഞതിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഞാന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു. ഇന്ന് ഓഫീസില്‍ പോയപ്പോഴാണ് എന്റെ ജോലി പോയ വിവരം അറിഞ്ഞത്. ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് ഉടന്‍ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്.

ഇന്നലെ എന്നെ കാണുവാന്‍ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാന്‍ ആര്‍എസ്എസുകാരന്‍ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കള്‍ ആണെങ്കിലും എന്റെ പ്രായം കണക്കില്‍ എടുത്ത് അവര്‍ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയില്‍ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി.

സഹായത്തിനായി ഒരുപാട് ബിജെപി ആര്‍എസ്എസുകാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാന്‍ ചെറുപ്പം മുതലേ ഒരു ആര്‍എസ്എസുകാരന്‍ ആണ്. ഇനി മരണം വരെയും ഞാന്‍ ഒരു ആര്‍എസ്എസുകാരന്‍ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്. ജയ് ശ്രീറാം.

ഇന്നലെയാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്നും കുടുംബാംഗങ്ങളെ മാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തത്. എറണാകുളം കോതമംഗലം സ്വദേശിയായ ഇയാള്‍ക്കെതിരെ കേരള പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നാട്ടിലെ അറിയപ്പെടുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു ഇയാളെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഞാന്‍ കൃഷ്ണകുമാരന്‍ നായര്‍. പഴയ ആര്‍എസ്എസുകാരന്‍ എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. വിഡിയോ വന്‍വിവാദമായതിന് പിന്നാലെ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ഇയാള്‍ മാപ്പിരന്നിരുന്നു.

മന്ത്രി എംഎം മണിക്കെതിരെ പറഞ്ഞതിനും അദ്ദേഹം മാപ്പു ചോദിച്ചു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തെറ്റ് സംഭവിക്കില്ല. എല്ലാ മലയാളികളോടും മാപ്പു ചോദിക്കുന്നു. ഇത്രയും പ്രായമായ ഒരു വ്യക്തി എന്ന നിലയില്‍ തന്നോട് ക്ഷമിക്കണം. കൃഷ്ണകുമാരന്‍ തൊഴുകയ്യോടെ ഏറ്റുപറഞ്ഞു. മദ്യത്തിന്റെ ലഹരിയില്‍ പറ്റിപ്പോയതാണെന്നും മാപ്പു ചോദിക്കുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. മാപ്പു പറയുന്നതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.