പ്രകാശ് കാരാട്ട് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് ?

single-img
7 June 2018

സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളെ രാജ്യസഭാംഗമാക്കണമെന്ന പൊതു അഭിപ്രായമാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടാകുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പ്രതിപക്ഷ ഐക്യത്തിനും അനിവാര്യമാണെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം കണക്കു കൂട്ടുന്നു.

അതുകൊണ്ട് തന്നെ പ്രകാശ് കാരാട്ട് സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി രംഗത്ത് നിന്ന് അകന്ന് നില്‍ക്കുന്ന പ്രകാശ് കാരാട്ടിന് രാജ്യസഭാംഗമാകുന്നതിനോട് താല്‍പര്യമില്ല.

എന്നാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ അദ്ദേഹം അത് അംഗീകരിക്കുന്നതിന് സാധ്യതയുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാജ്യസഭയെ, രാഷ്ട്രീയമായി മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതിനുള്ള വേദിയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.

പി രാജീവും, സീതാറാം യെച്ചൂരിയും രാജ്യസഭാംഗങ്ങളായിരുന്നപ്പോള്‍ സഭയില്‍ പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന് കഴിഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ സിപിഎമ്മിന് കരുത്തനായ നേതാവിന്റെ അഭാവം പാര്‍ലമെന്റിലുണ്ട്.

പ്രകാശ് കാരാട്ടിനെ രാജ്യസഭയിലെത്തിച്ചാല്‍ സിപിഎം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും ഇടത് മതേതര ബദല്‍ എന്ന ആശയവും സാമ്പത്തിക നയസമീപനവും കത്യമായി ധരിപ്പിക്കുന്നതിന് കഴിയുമെന്നാണ് സിപിഎം കേന്ദ്രനേതാക്കളുടെ കണക്ക് കൂട്ടല്‍.

മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനെ സംബന്ധിച്ചടുത്തോളം പാര്‍ലമെന്ററി രംഗത്തേക്ക് കടന്ന് വരുന്നതില്‍ തീരുമാനമെടുക്കേണ്ടതും അദ്ദേഹം തന്നെയാണ്. സിപിഎം കേരളാ ഘടകത്തിന് പ്രകാശ് കാരാട്ടിനെ മത്സരിപ്പിക്കണമെന്ന് താല്‍പര്യമുണ്ടെങ്കിലും ഇതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വമാകും തീരുമാനമെടുക്കുക.