‘ബിജെപിയിലേക്ക് പോകാന്‍ കെ സുധാകരന്‍ രാജ്യസഭ അംഗത്വവും സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു; കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണത്തിനായി ലക്ഷങ്ങള്‍ വെട്ടിച്ചു’

single-img
7 June 2018

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം. സുധാകരന്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും രാജ്യസഭാ സീറ്റും കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടുവെന്നും പ്രദീപ് വട്ടിപ്രം ആരോപിച്ചു.

ബിജെപിയിലേക്ക് പോകുന്ന കാര്യത്തില്‍ സുധാകരന്‍ ബിജെപി ദൂതന്മാരുമായി ചര്‍ച്ച നടത്തിയതായി പാര്‍ട്ടി നേതാക്കള്‍ക്കറിയാം. ഈ വിലപേശല്‍ വിജയിക്കാത്തതിനാലാണ് ഇപ്പോഴും കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നും പ്രദീപ് പറഞ്ഞു.

ഡി സി സി ഓഫീസ് നിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് സുധാകരനെതിരെ പ്രദീപ് പ്രധാനമായും ഉന്നയിച്ചത്. അഞ്ചു വര്‍ഷത്തിന് മുന്‍പേ പൊളിച്ചു മാറ്റിയ ഡി സി സി ഓഫീസ് ഇതുവരെ പുനര്‍ നിര്‍മിച്ചിട്ടില്ല. ഇതിനായി വിദേശത്ത് നിന്ന് ഉള്‍പ്പെടെ പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം കീശയില്‍ ആക്കിയെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ സുധാകരന്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുകയാണ്. ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തന്നില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന സൂചന പരോക്ഷമായി കെ.സുധാകരന്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാവുന്നുണ്ടെന്നും പ്രദീപ് പറയുന്നു.

കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നേതൃത്വവുമായി സുധാകരന് അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസ്സുകാരനായി തന്നെ തുടരുമെന്നും വ്യക്തമാക്കി.