ഫ്‌ലക്‌സ് ബോര്‍ഡില്‍ നിന്ന് സഹപ്രവര്‍ത്തകന്റെ തല വെട്ടിമാറ്റിയ സി.പി.എം വാര്‍ഡ് മെംബര്‍ കുടുങ്ങി: വീഡിയോ

single-img
7 June 2018

ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് സഹപ്രവര്‍ത്തകന്റെ തലവെട്ടിയ സി.പി.എം വാര്‍ഡ് മെംബര്‍ കുടുങ്ങി

ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് സഹപ്രവര്‍ത്തകന്റെ തലവെട്ടിയ സി.പി.എം വാര്‍ഡ് മെംബര്‍ കുടുങ്ങി

Posted by Evartha TV on Thursday, June 7, 2018

സിപിഎം നേതാവായ വിളപ്പില്‍ പഞ്ചായത്തംഗത്തിന്റെ ചിത്രമടങ്ങുന്ന ഫ്‌ലക്‌സ് ബോര്‍ഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മറ്റൊരു പഞ്ചായത്തംഗം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിളപ്പില്‍ ഏരിയ കമ്മറ്റിയംഗവും മിണ്ണംകോട് വാര്‍ഡ് മെംബറുമായ എ.അസീസിന്റെ ചിത്രമുള്ള ബോര്‍ഡ് ചെറുകോട് വാര്‍ഡംഗം സി.മണിയന്‍ വലിച്ചുകീറുന്നതാണു സിസിടിവി ക്യാമറയില്‍ പതിഞ്ഞത്.

മണിയന്‍ സിപിഎം പേയാട് ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും റോഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ച അസീസിന് അഭിനന്ദനം അറിയിച്ചാണു സിപിഎം ബ്രാഞ്ച് കമ്മിറ്റി മിണ്ണംകോട് ജംഗ്ഷനില്‍ ഫ്‌ലക്‌സ് വച്ചത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ എത്തിയ ചെറുകോട് വാര്‍ഡ് മെംബര്‍ സി. മണിയന്‍ റോഡ് വക്കില്‍ വാഹനം നിര്‍ത്തിയശേഷം ഫഌ്‌സ് ബോര്‍ഡിന്റെ പുറകിലൂടെ പോയി അസീസിന്റെ തലഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത് കയ്യില്‍ കരുതിയശേഷം കോഴിക്കൂട്ടിലേക്ക് ബ്ലേഡ് വലിച്ചെറിയുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കോഴിക്കടക്കാരന്‍ കടയില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. രാവിലെ കടയുടമ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടത്. സംഭവം പുറത്തറിയാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. പിന്നാലെ സ്ഥലത്തുനിന്നും കീറിയ ബോര്‍ഡും നിമിഷങ്ങള്‍ക്കകം എടുത്തുമാറ്റി.

പക്ഷേ, പാര്‍ട്ടിയെ വെട്ടിലാക്കി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ ഫ്‌ലക്‌സ് കീറിയത് ഏരിയ കമ്മറ്റിയില്‍ ചര്‍ച്ചയായി. അസീസ് രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും സഹപ്രവര്‍ത്തകന്റെ പ്രവൃത്തിയില്‍ തനിക്കു പ്രതിഷേധമുള്ളതായി നേതാക്കളെ അറിയിച്ചു. തുടര്‍ന്നു മണിയനോടും നേതൃത്വം വിശദീകരണം തേടി.

ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കങ്ങളാണു പ്രശ്‌നത്തിലേക്കു വഴിവച്ചതെന്നാണ് അറിയുന്നത്. അതേസമയം ഫ്‌ലക്‌സ് നശിപ്പിച്ച സംഭവത്തോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമായി. നാണക്കേടുണ്ടാക്കിയ കാര്യത്തില്‍ മണിയനെതിരെ ശക്തമായ തീരുമാനമെടുക്കണമെന്ന് ഒരുവിഭാഗം ഏരിയ കമ്മിറ്റിയില്‍ വാദിച്ചു. അടിയന്തരമായി ഇതുസംബന്ധിച്ചു നടപടിയുണ്ടാകുമെന്നാണു സൂചന.