ചെന്നിത്തലയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനം ശക്തം; പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനാകാതെ ഹൈക്കമാന്റ്

single-img
7 June 2018

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശൈലി മാറ്റണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമാകുന്നു. ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തുമ്പോഴും ഹൈക്കമാന്റിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് വിവിധ ഗ്രൂപ്പുകളുടെ നേതാക്കള്‍ തന്നെ കരുതുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ ഉള്ളതിനേക്കാള്‍ ഘടകകക്ഷികളില്‍ നിന്നാണ് പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനമുയരുന്നത്. വിമര്‍ശിക്കുന്ന ഘടകകക്ഷികളും ചെന്നിത്തല മാറണമെന്നല്ല ശൈലി മാറ്റണമെന്നാണ് പറയുന്നത്. മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം മെച്ചപെടുത്താന്‍ ഇടപെടണമെന്ന് ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ചെങ്ങന്നൂരിലുണ്ടായ തോല്‍വിക്ക് പിന്നാലെ ഉടലെടുത്ത അഭിപ്രായങ്ങളെ സമ്മര്‍ദ്ദ തന്ത്രമായാണ് ചെന്നിത്തലയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. എകെ ആന്റണിക്കും ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറുന്നതിനോട് യോജിപ്പില്ല.

ചെങ്ങന്നൂരിലെ പരാജയം പാര്‍ട്ടിയും മുന്നണിയും തിരുത്തലിന് തയ്യാറാകണമെന്ന സന്ദേശം നല്‍കുന്നെന്ന അഭിപ്രായമുള്ള എ ഗ്രൂപ്പിനും ചെന്നിത്തലയ്ക്ക് പകരം ആളെ കണ്ടെത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പുതിയ കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും വരുന്നതോടെ യുഡിഎഫില്‍ പുതിയ നേതൃനിര രൂപം കൊള്ളുന്നതിനാണ് സാധ്യത. പാര്‍ട്ടിയേയും മുന്നണിയേയും ഒറ്റകെട്ടായി നയിക്കാന്‍ പുതിയതായി വരുന്നവര്‍ക്ക് കഴിഞ്ഞാല്‍ അവര്‍ രമേശ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാവുക തന്നെചെയ്യും..