യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാണി; പിന്തുണച്ച് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്

single-img
6 June 2018

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്ത്. സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ആരംഭിച്ചതിന് പിന്നാലെയാണ് മാണി വിഭാഗം അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്നത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിപിഎം സീറ്റുകളാണ് ഒഴിവ് വന്നത്. എന്നാല്‍ ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നില അനുസരിച്ച് ഒരു സീറ്റില്‍ മാത്രമേ യുഡിഎഫിന് വിജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തിലാണ് ഏക സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി ഈ ആവശ്യവുമായി നാളെ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. നാളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സന്ദര്‍ശിക്കാനിരിക്കെയാണ് ജോസ് കെ മാണിയും രാഹുലിനെ കാണുന്നത്. കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പിന്തുണച്ചിട്ടുണ്ട്

എന്നാല്‍ കേരള കോണ്‍ഗ്രസ് സീറ്റ് കോണ്‍ഗ്രസിന് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.