വെല്ലുവിളിച്ച് എബിവിപി; ഒറ്റയ്ക്ക് എതിരിട്ട് എസ്എഫ്‌ഐ വനിതാനേതാവ്; കുന്നംകുളം വിവേകാനന്ദ കോളേജിലെ വീഡിയോ വൈറല്‍

single-img
6 June 2018

എസ്എഫ്ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബിവിപി അല്ല…മാസ്സ് ഡയലോഗ്…പ്രിയസഖാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ… ✊✊✊

Posted by Red Fort Kerala on Tuesday, June 5, 2018

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപി പ്രവര്‍ത്തകരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിജെപി വിദ്യാര്‍ത്ഥി സംഘടനായ എബിവിപിയുടെ ശക്തമായ സാന്നിധ്യമുള്ള തൃശ്ശൂരിലെ കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ സംഘത്തെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു. വൃക്ഷത്തൈ നടേണ്ടയെന്ന് അവര്‍ പറഞ്ഞു. ‘പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്.

എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം’ എന്ന് വനിതാ നേതാവ് പറഞ്ഞു. ഈ മറുപടി കേട്ടതോടെ എതിര്‍പക്ഷം കൂടുതല്‍ പ്രകോപിതരാകുന്നതാണ് ദൃശ്യങ്ങളില്‍. പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ തൈനട്ട ശേഷമാണ് അവര്‍ മടങ്ങുന്നത്. എന്നാല്‍, ഏതു സാഹചര്യത്തിലാണു വൃക്ഷത്തൈ നടല്‍ തടഞ്ഞതെന്ന എബിവിപിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ വീഡിയോ പുറത്തുവിട്ടപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടവര്‍ അതു ഷെയര്‍ ചെയ്തു.

മര്‍ദ്ദിക്കാനും കയ്യേറ്റത്തിനും ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. അതേസമയം, കോളേജ് അധികൃതരാകട്ടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്.

ക്യാംപസില്‍ താരമായ കെ.വി.സരിത ബി.എ മലയാളം അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്. എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറിയാണ് സരിത. വീഡിയോ കണ്ടവരെല്ലാം സരിതയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.