മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

single-img
6 June 2018

മന്‍സൗര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂണില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറു കര്‍ഷകരില്‍ മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ രാഹുല്‍ഗാന്ധിയോടൊപ്പം വേദി പങ്കിട്ടു. മരിച്ച കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദരമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ പാടങ്ങളോട് ചേര്‍ന്ന് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചോ ഏഴ് വര്‍ഷത്തിന് ശേഷം ഇവിടെയെത്തി മൊബൈലില്‍ നോക്കിയാല്‍ മെയ്ഡ് ഇന്‍ മന്ദ്‌സോര്‍ എന്ന് അതില്‍ എഴുതിയിരിക്കുന്നത് കാണുക എന്റെ സ്വപ്‌നമാണ്. നരേന്ദ്ര മോദിക്കോ ശിവരാജ് സിങ് ചൗഹാനോ ഇത് ചെയ്യാന്‍ കഴിയില്ല. കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇത് ചെയ്യാന്‍ കഴിയും. ഭരണ പരിഷ്‌കാരത്തെ കുറിച്ച് നാട് തോറും നടന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ സമയമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.