ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ മുലയൂട്ടിയ പൊലീസ് കോണ്‍സ്റ്റബിളിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം

single-img
6 June 2018

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ മുലയൂട്ടിയ പൊലീസ് കോണ്‍സ്റ്റബിളിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം. ബംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയെയാണ് സോഷ്യല്‍മീഡിയ അഭിനന്ദനം കൊണ്ടു മൂടുന്നത്.
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഒരാണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ആര്‍ നാഗേഷാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചു. സൗജന്യമായാണ് ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ചത്. തുടര്‍ന്ന് നാഗേഷ് കുട്ടിയെയും കൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തി.

ആ സമയം അര്‍ച്ചനയും പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയാണ് പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന. ഈയടുത്താണ് പ്രസവാവധി കഴിഞ്ഞ് അര്‍ച്ചന തിരികെ ജോലിയില്‍ പ്രവേശിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച കുഞ്ഞ് നിര്‍ത്താതെ കരയുന്നത് അര്‍ച്ചനയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

തന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് അര്‍ച്ചനയ്ക്ക് തോന്നിയത്. തനിക്ക് അവനെ പാലൂട്ടിയേ മതിയാകുമായിരുന്നുള്ളുവെന്ന് അര്‍ച്ചന പറഞ്ഞു. അര്‍ച്ചനയുടെ നല്ലമനസ്സിനെ കുറിച്ചുള്ള വാര്‍ത്ത, ബംഗളൂരു പോലീസ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുമുണ്ട്. കുഞ്ഞിന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ ബംഗളൂരുവിലെ ശിശുമന്ദിരത്തിന് കൈമാറി.