വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
6 June 2018

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വരാപ്പുഴ കസ്റ്റഡിമരണം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമസഭയില്‍ ബഹളം തുടങ്ങിയത്.

കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹര്യം ചര്‍ച്ചക്കെടുക്കണം എന്നാവശ്യം ഉന്നയിച്ച് വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന് സ്പീക്കര്‍ അറിയിച്ചു.

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് ഉന്നയിച്ചാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രംഗത്ത് വന്നതോടെ സഭയില്‍ ബഹളമായി. സോളാര്‍ക്കേസും ബാര്‍കോഴക്കേസും മുന്‍പ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതിനാല്‍ അത്തരമൊരു കീഴ് വഴക്കത്തിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

വരാപ്പുഴക്കേസ് അടിയന്തരപ്രാധാന്യമുള്ളതല്ലെന്നും നേരത്തേയും സഭ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇതിനോട് പ്രതികരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ നിലപാട്. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളം വച്ചു.

ഇതോടെ സ്പീക്കര്‍ സഭ താല്‍കാലികമായി പിരിയുന്നതായി അറിയിച്ചു. സഭാനടപടികള്‍ തുടരാന്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും വെവേറെ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് നടപടികള്‍ റദ്ദാക്കി നിയമസഭ ഇന്നേക്ക് പിരിഞ്ഞത്.