നീറ്റ് പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ അശ്ലീല ചുവയോടെ തുറിച്ച് നോക്കിയ നിരീക്ഷകനെ പിടികൂടാനാവാതെ പോലീസ്; സിബിഎസ്ഇയുടെ ഭാഗത്ത് നിന്നുള്ള നിസഹകരണം പോലീസ് അന്വേഷണത്തെ ബാധിക്കുന്നു

single-img
6 June 2018

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിയെ നിരീക്ഷകന്‍ തുറിച്ച് നോക്കിയ സംഭവത്തില്‍ പോലീസിന് പരാതി കിട്ടിയിട്ട് ഒരുമാസത്തോളമായി. എന്നാല്‍ പരാതിയില്‍ പറയുന്ന നിരീക്ഷകനെ തിരിച്ചറിയുന്നതിനോ, അയാളെ കസ്റ്റഡിയിലെടുക്കുന്നതിനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡ് പാലിക്കുന്നതിന്റെ ഭാഗമായി അടിവസ്ത്രമുപേക്ഷിച്ചാണ് വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതിയത്. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനി മെറ്റല്‍ ഡിറ്റക്ടറിലൂടെയുള്ള പരിശോധന കഴിഞ്ഞപ്പോള്‍ മെറ്റല്‍ ഹൂക്കുള്ള അടിവസ്ത്രം ഊരിമാറ്റിയാണ് പരീക്ഷയ്ക്കിരുന്നത്.

പരീക്ഷാ ഹാളില്‍ നിന്ന നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയമായിരുന്നെന്നും ചോദ്യപേപ്പര്‍ ഉപയോഗിച്ച് ശരീരം മറച്ച് പിടിക്കേണ്ടി വന്നെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ഐപിസി 509 വകുപ്പ് അനുസരിച്ച് നിരീക്ഷകനെതിരെ കേസെടുത്തു.

എന്നാല്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനപ്പുറത്തേക്ക് പോകാന്‍ പോലീസിന് കഴിഞ്ഞില്ല. ഡെല്‍ഹിയിലെ സിബിഎസ്സ്ഇ ആസ്ഥാനവുമായി പോലീസുദ്യോഗസ്ഥര്‍ ബന്ധപെട്ടപ്പോള്‍ നിരീക്ഷകന്‍ സിബിഎസ്ഇ യുടെ ഹൈദരാബാദ് റീജിയണില്‍ നിന്നുള്ള ആളാണെന്ന് വ്യക്തമായി.

എന്നാല്‍ തുടര്‍ന്ന് അന്വേഷണം മുന്നോട്ട് പോകാത്ത അവസ്ഥയാണ്. തെലങ്കാന സ്വദേശിയായ വ്യക്തിയാണ് നിരീക്ഷകനെന്ന് പോലീസ് അനുമാനിക്കുമ്പോഴും ഇത് സംബന്ധിച്ച് വ്യക്തമായ വിവരം സിബിഎസ്ഇ യില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടില്ല. സിബിഎസ്ഇ യുടെ ഹൈദരാബാദ് റീജിയണില്‍ നിന്ന് പോലീസ് ആവശ്യപെട്ട വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.

പോലീസിനെ സംബന്ധിച്ചടുത്തോളം പ്രതിയെ പിടികൂടുന്നതിന് തടസമായി നില്‍ക്കുന്നത് സിബിഎസ്ഇ യുടെ നിലപാടാണ്. പാലക്കാട് സ്‌കൂളില്‍ നിരീക്ഷകരായെത്തിയവരുടേയും പരാതിക്കാരി പരീക്ഷ എഴുതിയ ഹാളില്‍ നിന്ന നിരീക്ഷകന്റെയും വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് സിബിഎസ്ഇ യോട് ആവശ്യപെട്ടിട്ടുണ്ട്.

സിബിഎസ്ഇ യുടെ ഡെല്‍ഹിയിലെ ഓഫീസില്‍ നിന്ന് ഹൈദരാബാദ് റീജിയണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹൈദരാബാദ് റീജിയണാകട്ടെ വിവരങ്ങള്‍ പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. വിവരങ്ങള്‍ രേഖാമൂലം പോലീസ് ആവശ്യപെട്ടെങ്കിലും സിബിഎസ്ഇ ഓഫീസില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസും അന്വേഷണം അവസാനിപ്പിച്ച മട്ടാണ്.