ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തണമെന്ന് സിപിഐ കേന്ദ്രനേതൃത്വം; തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സിപിഎമ്മുമായി വെച്ച് മാറുന്നതിന് സിപിഐയില്‍ ആലോചന

single-img
6 June 2018

സിപിഐ ദേശീയ എക്‌സിക്യൂട്ടീവാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ളതും പാര്‍ട്ടി മത്സരിക്കേണ്ടതുമായ സീറ്റുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സിപിഐ കേരളാ ഘടകത്തിലാകട്ടെ തിരുവനന്തപുരം സീറ്റ് സിപിഎമ്മുമായി വെച്ച് മാറണമെന്ന ആവശ്യമുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐയെ പിടിച്ചുലച്ച പെയ്‌മെന്റ് സീറ്റ് വിവാദം തിരുവനന്തപുരം സീറ്റിലാണുണ്ടായത്. ഇതേതുടര്‍ന്ന് സീറ്റ് വെച്ചുമാറണമെന്ന ചിന്ത ചില സിപിഐ നേതാക്കള്‍ക്കുണ്ടാവുകയും ചെയ്തു. എന്നാല്‍ നിലവില്‍ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ സുനന്ദപുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ വിചാരണ നേരിടുന്ന സാഹചര്യമാണ്.

അതുകൊണ്ട് തന്നെ ശക്തനായ നേതാവിനെ രംഗത്തിറക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സമീപകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പേരും സ്ഥാനാര്‍ത്ഥിയായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി യുടെ സ്വാധീനം വര്‍ദ്ധിച്ച് വരുന്നത് സിപിഐ ആശങ്കയോടെയാണ് കാണുന്നത്.

തിരുവനന്തപുരത്തിന് പകരം സിപിഎം തുടര്‍ച്ചയായി തോല്‍ക്കുന്ന കൊല്ലമോ ആലപ്പുഴയോ ആവശ്യപെടണമെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വം വിജയസാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തി അറിയിക്കാന്‍ സംസ്ഥാന ഘടകങ്ങളോട് ആവശ്യപെട്ടതിനെ ഈ നേതാക്കള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

തിരുവനന്തപുരത്തേക്കാള്‍ സാധ്യത കൊല്ലത്തും ആലപ്പുഴയിലുമുണ്ടെന്ന് ഈ നേതാക്കള്‍ പറയുമ്പോഴും സിപിഎമ്മിന്റെ നിലപാടും ഒപ്പം തന്നെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. സ്ഥിരം പരാജയെപെടുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ച എല്‍ഡിഎഫിലുണ്ടാകുമെന്നാണ് തിരുവനന്തപുരം സീറ്റില്‍ പാര്‍ട്ടി മത്സരിക്കേണ്ടെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ പ്രതീക്ഷ..