സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷം; കെ സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സംസ്ഥാനത്തെ മുതിര്‍ന്ന സംഘ നേതാക്കള്‍

single-img
6 June 2018

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണ്ണറാക്കിയ ഉടന്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനായിരുന്നു ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉടന്‍ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള ദേശീയ അധ്യക്ഷന്റെ നീക്കത്തിന് സംസ്ഥാന നേതാക്കളുടെ നിലപാടാണ് തിരിച്ചടിയായത്. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ വരണമെന്ന താല്‍പര്യമാണ് മുതിര്‍ന്ന നേതാവ് വി.മുരളീധരനുള്ളത്.

എന്നാല്‍ കെ സുരേന്ദ്രനെ എതിര്‍ക്കുന്ന പികെ കൃഷ്ണദാസ് വിഭാഗം ആര്‍എസ്സ്എസ്സിനെ കൂട്ട് പിടിച്ച് ഈ നീക്കത്തെ എതിര്‍ക്കുകയാണ്. കുമ്മനത്തെ ഗവര്‍ണ്ണറാക്കാനുള്ള തീരുമാനം തങ്ങളുമായി ആലോചിച്ചില്ലെന്ന പരാതി ആര്‍എസ്സ്എസ്സിനുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ നിയോഗിച്ച കുമ്മനത്തിന് പകരക്കാരനെ കണ്ടെത്തുന്നതും തങ്ങളുമായി ആലോചിച്ച് വേണമെന്ന കടുംപിടുത്തം ആര്‍എസ്സ്എസ്സിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന വി മുരളീധരന്‍ വിഭാഗം കുമ്മനം സംസ്ഥാന പ്രസിഡന്റായ ശേഷം പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ലെന്നും ആര്‍എസ്സ്എസ്സിന്റെ ഭാഗത്ത് നിന്നുണ്ടായ അമിത ഇടപെടലുകള്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചെന്നും ആരോപിക്കുന്നു.

അതുകൊണ്ട് തന്നെ ആര്‍എസ്സ്എസ്സ് മുന്നോട്ട് വെയ്ക്കുന്ന സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം അംഗീകരിക്കില്ലെന്നുമാണ് ഇവരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് നേട്ടമുണ്ടാക്കാനായത് ആര്‍എസ്സ്എസ്സ് സഹായിച്ചത് കൊണ്ടാണെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ദേശീയ നേതൃത്വം കെസുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ തയ്യാറായാല്‍ പികെ കൃഷ്ണദാസ് വിഭാഗത്തെ ഒപ്പം നിര്‍ത്തി ഇതിനെ എതിര്‍ക്കാനാണ് ആര്‍എസ്സ്എസ്സിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം നടത്തുന്നത്. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാന്‍ കൃഷ്ണദാസ് വിഭാഗത്തിലെ നേതാക്കള്‍ തയ്യാറാകുമെന്നാണ് മുരളീധര പക്ഷത്തിന്റെ കണക്ക്കൂട്ടല്‍.

അതുകൊണ്ട് തന്നെ ദേശീയ നേതക്കളെ സ്വാധീനിച്ച് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കമാണ് വി മുരളീധരന്‍ നടത്തുന്നത്. ആര്‍എസ്സ്എസ്സ് ദേശീയ നേതൃത്വത്തിലെ ചിലനേതാക്കളുടെ പിന്‍തുണ നേടുന്നതിനുള്ള ശ്രമങ്ങളും മുരളീധരന്‍ നടത്തുന്നുണ്ട്.