സ്വതന്ത്ര കര്‍ഷക സംഘടനകളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പദവികളടക്കം വന്‍ വാഗ്ദാനങ്ങള്‍; കര്‍ഷകരുടെ ദേശ വ്യാപക പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള നീക്കവുമായി ബിജെപി

single-img
6 June 2018

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിക്കുന്ന കര്‍ഷക പ്രക്ഷോഭം കേന്ദ്രസര്‍ക്കാരിനെതിരായ ദേശീയ പ്രക്ഷോഭമായി മാറുകയാണ്. പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദമുയര്‍ത്തി ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശത്രുഘന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്ത് വന്നതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് പുറത്തായ പ്രവീണ്‍ തോഗാഡിയയും പ്രക്ഷോഭകര്‍ക്കൊപ്പമാണ്. കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുന്ന ആര്‍എസ്സ്എസ്സ് കര്‍ഷക സംഘടനയായ കിസാന്‍ സംഘിനെ സമരത്തില്‍ നിന്ന് പിന്‍മാറ്റുന്നതോടെ മധ്യപ്രദേശും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭത്തിന്റെ തീവ്രത കുറയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

അതേസമയം പ്രക്ഷോഭ രംഗത്തുള്ള നൂറ് കണക്കിന് സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാത്ത സ്വതന്ത്ര സംഘടനകളെ സ്വാധീനിക്കാനും ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇടത് പക്ഷത്തിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും നിയന്ത്രണത്തിലുള്ള കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പച്ചക്കറി വിലവര്‍ദ്ധനവിനും ക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം പൊളിക്കുവാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് ഇതുവരെ തയ്യാറായിട്ടുമില്ല.

പ്രക്ഷോഭം ശക്തമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകട്ടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന നിലപാടിലാണ്. എന്നാല്‍ സമരം പൊളിക്കുവാനുള്ള ബിജെപി നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറെടുക്കുന്നത്. കര്‍ഷക റാലികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപിക്കുന്നതിനും പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുകയാണ്.

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരൊക്കെ വരും ദിവസങ്ങളില്‍ കര്‍ഷക റാലികളില്‍ പങ്കെടുക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാക്കി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ഇത് മനസിലാക്കിയാണ് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളിലെ വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാത്ത സ്വതന്ത്ര കര്‍ഷക സംഘടനകളെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ബിജെപി നീക്കം നടത്തുന്നത്. പദവികളടക്കം വന്‍ വാഗ്ദാനങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് ബിജെപി നല്‍കിയതായാണ് വിവരം.