അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റര്‍ സാരിയില്‍ പൊതിഞ്ഞ മഞ്ചലില്‍ ചുമന്ന്

single-img
6 June 2018

ഇടവാണി കുംബ ഊരിലെ 9 മാസം പൂർണ്ണ ഗർഭിണിയെ കെട്ടി ചുമലിലേറ്റി ആശുപത്രയിലേക്ക് കൊണ്ടുവരുന്ന കാഴ്ച

Posted by KA Ramu on Tuesday, June 5, 2018

പാലക്കാട് അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി ചുമന്ന്. എടവാണി കുംബ ഊരിലെ തണലിയുടെ ഭാര്യ മണിയെ ആശുപത്രിയിലെത്തിക്കാനാണ് ഊരുവാസികള്‍ക്ക് പകുതി വഴിയോളം ചുമലില്‍ കെട്ടി ചുമക്കേണ്ടി വന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രസവ വേദന വന്ന മണിയെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് അംഗനവാടി ടീച്ചര്‍ വഴി ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ആംബുലന്‍സ് അയക്കാമെന്നും അതില്‍ ആശുപത്രിയിലെത്തിക്കാനുമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഏരെ നേരം കാത്തിരുന്നിട്ടും ആംബുലന്‍സ് വരാതിരിക്കുകയും വേദനകൊണ്ട് മണി പുളയുകയും ചെയ്യുന്നത് കണ്ട ഊരിലുള്ളവരും മണിയുടെ ബന്ധുക്കളും ചേര്‍ന്ന് സാരികള്‍ കൂട്ടിക്കെട്ടി മഞ്ചല്‍ രൂപത്തിലുണ്ടാക്കി അതില്‍ ചുമന്ന് കൊണ്ട് മറ്റൊരു ജീപ്പിനടുത്തേക്ക് എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച് പത്തുമിനിറ്റിനുള്ളില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഊരില്‍ നിന്നും ആശുപത്രിയിലേക്ക് പോകാന്‍ പുഴ കടക്കണം. എന്നാല്‍ പുഴയ്ക്കക്കരെ കടക്കാന്‍ മഴക്കാലത്ത് ഗതാഗത സൗകര്യം ഇല്ല.

വേനല്‍ക്കാലത്ത് മാത്രമേ ഊരിലേക്ക് ഗതാഗത സൗകര്യം ഒള്ളൂ. മഴക്കാലമായതിനാല്‍ നാലിടത്ത് പുഴ മുറിച്ച് കടന്നാണ് യുവതിയെ സാഹസികമായി മറുകരയിലെത്തിച്ചത്. ആംബുലന്‍സ് കേടായിരിക്കുന്നതിനാലാണ് സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന മറുപടി.

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പുറംലോകം അറിഞ്ഞ 2012-13 കാലഘട്ടത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച അന്നത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന ജയറാം രമേശ് അട്ടപ്പാടിക്കാര്‍ക്കായി 16 റോഡുകളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എടവാണിയില്‍ റോഡായിട്ടില്ല. സ്വര്‍ണ്ണഗദ്ദ മുതല്‍ എടവാണി വരെയുള്ള റോഡിനായി ഒമ്പതേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തിയിരുത്തിയെങ്കിലും അത് കടലാസില്‍ മാത്രമൊതുങ്ങി.

മുപ്പത്തിയെട്ട് കുടുംബങ്ങളിലായി മുന്നൂറോളം ആളുകളാണ് എടവാണി ഊരില്‍ താമസിക്കുന്നത്. തൊഴിലുറപ്പിന് പോയി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഊരുനിവാസികളും. റോഡ് കവിഞ്ഞൊഴുകുന്ന പുഴ നാല് തവണ മുറിച്ചു കടന്നുവേണം ഇവര്‍ക്ക് പുറത്തെത്താന്‍. അതിനാല്‍ തന്നെ മഴക്കാലമായാല്‍ ഊരുനിവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകയും അവര്‍ ഒറ്റപ്പെടുകയും ചെയ്യും. മഴക്കാല രോഗങ്ങളും അടിയന്തിര ചികിത്സയും ഇവര്‍ക്ക് കിട്ടാക്കനിയാകും.