പ്രതിഷേധം കനത്തു; ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി

single-img
6 June 2018

ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനില്‍ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ജഴ്‌സി കത്തിക്കാനും ആഹ്വാനമുണ്ടായി.

സുരക്ഷാഭീഷണിയും തീരുമാനത്തിന് കാരണമായിട്ടുണ്ട്. ജൂണ്‍ പത്തിന് ടോഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഇതേക്കുറിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം മല്‍സരം ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ ഫലസ്തീനില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ഗാസയിലും വെസ്റ്റ് ബാങ്കിലും മെസിക്കും സഹകളിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസ്താവന ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കി. മൂല്യങ്ങളും ധാര്‍മ്മികതയും കളിയും ഇവിടെ വിജയിച്ചെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രില്‍ റജോബ് പറഞ്ഞു.