ആലുവയില്‍ മഫ്തിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചത് ചോദ്യംചെയ്ത യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം

single-img
6 June 2018

ആലുവ: മഫ്തിയില്‍ പോലീസുകാര്‍ സഞ്ചരിച്ച കാറ് ബൈക്കില്‍ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കിലാണ് എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ വെച്ച് പോലീസുകാരുടെ കാര്‍ ഇടിച്ചത്.

ഉസ്മാന്‍ നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് പോവുകയായിരുന്നു. തര്‍ക്കത്തിനിടെ സംഭവ സ്ഥലത്ത് വച്ചും കാറിലും എടത്തല സ്‌റ്റേഷനിലെത്തിച്ചും പൊലീസുകാര്‍ മര്‍ദിച്ചതായിട്ടാണ് ആരോപണം. എടത്തല എസ്.ഐക്കും പൊലീസ് ഡ്രൈവര്‍ക്കുമെതിരെയാണ് ആരോപണം.

സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എടത്തല പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റി. പിന്നീട് ഇയാളെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ ഡി.വൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രനാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ എടത്തല പൊലീസ് നിഷേധിച്ചു. പോക്‌സോ കേസിലെ പ്രതിയുമായി വരുന്നതിനിടെ തന്റെ ബൈക്കില്‍ വാഹനം തട്ടിയെന്ന് പറഞ്ഞ് ഉസ്മാന്‍ ബഹളം വെയ്ക്കുകയായിരുന്നു.

പൊലീസ് ഡ്രൈവര്‍ അഫ്‌സലിനെ ഇയാള്‍ കൈയേറ്റം ചെയ്തു. ഇയാളെയും ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി പറഞ്ഞു. ഉസ്മാനെ മര്‍ദിച്ച പോലീസുകാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.