ആലുവയില്‍ മഫ്തിയിലെത്തി യുവാവിനെ തല്ലിച്ചതച്ച സംഭവം: നാല് പൊലീസുകാര്‍ക്കെതിരെ കേസ്; നടപടിക്ക് ശുപാര്‍ശ; യുവാവ് ഗുരുതരാവസ്ഥയില്‍

single-img
6 June 2018

ആലുവ: പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് പൊലീസുകാര്‍ മര്‍ദിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മര്‍ദനത്തില്‍ യുവാവിന്റെ കവിളെല്ല് തകര്‍ന്നതായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെയാണ് മഫ്തിയിലുള്ള പൊലീസ് മര്‍ദിച്ചത്. സംഭവം വിവാദമായതോടെ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എടത്തല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ഡിവൈ.എസ്.പി ശുപാര്‍ശ ചെയ്തു.

സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിസാരമായി പരിഹരിക്കാവുന്ന വിഷയം കാറിലുണ്ടായിരുന്ന പൊലീസുകാരുടെ പക്വമല്ലാത്ത ഇടപെടല്‍ മൂലം വിവാദമാക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെങ്കില്‍ വാഹന നമ്പര്‍ കുറിച്ചെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമായിരുന്നു. ഇതിന് വിരുദ്ധമായി വൈകാരികമായി ഇടപ്പെട്ടതാണ് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപത്തുനിന്നാണു സ്വകാര്യ കാറില്‍ മഫ്തിയില്‍ എത്തിയ പൊലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്‌ഐ ജി. അരുണിന്റേതാണു കാര്‍. എന്നാല്‍ എസ്‌ഐ കാറില്‍ ഉണ്ടായിരുന്നില്ല.

സംഭവത്തെ കുറിച്ചു നാട്ടുകാര്‍: നോമ്പുതുറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാന്‍. ഈ സമയം അമിത വേഗത്തിലെത്തിയ സ്വകാര്യ കാര്‍ ഉസ്മാനെ ഇടിച്ചിട്ടു. റോഡില്‍ വീണ ഉസ്മാന്‍ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി.

ഒറ്റനോട്ടത്തില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണു കരുതിയത്. കാറിലുള്ളവര്‍ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടര്‍ന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു. ഉസ്മാനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാന്‍ ആളുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു കാര്‍ എസ്‌ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവര്‍ പൊലീസുകാരാണെന്നും അറിഞ്ഞത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ പൊലീസ് ഭീഷണി മുഴക്കി. ഏറെ നേരം അസഭ്യവര്‍ഷം നടത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

അതേസമയം, മുതിരക്കാട്ടുമുകളില്‍നിന്നു പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു കാറില്‍ വരികയായിരുന്നു പൊലീസുകാരായ അഫ്‌സല്‍, ജലീല്‍, പുഷ്പരാജ് എന്നിവരെന്നു പൊലീസ് പറഞ്ഞു. ഉസ്മാന്‍ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ ഉരസിയതിനെത്തുടര്‍ന്നു ബൈക്ക് റോഡിനു കുറുകെയിട്ടു കാര്‍ തടയുകയും സിപിഒ അഫ്‌സലിനെ മര്‍ദിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സിപിഒ അഫ്‌സലിനെ മര്‍ദിച്ചതിനും ഉസ്മാനെ പ്രതിയാക്കി കേസെടുത്തു.