സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് തിരിച്ചടി; കുറ്റപത്രം കോടതി അംഗീകരിച്ചു

single-img
5 June 2018

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ കോണ്‍ഗ്രസ് എംപിയും ഭര്‍ത്താവുമായ ശശി തരൂരിന് തിരിച്ചടി. തരൂരിനെ പ്രതിയാക്കി ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്.

3,000 പേജുള്ള കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശശി തരൂര്‍ ജൂലൈ ഏഴിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇ–മെയില്‍ അയച്ചിരുന്നതായി പൊലീസ് പറയുന്നു.

‘ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’–ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലില്‍ പറയുന്നു. ഒന്‍പതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം. പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റവും മൂന്ന് വര്‍ഷംവരെ ശിക്ഷക്ക് വ്യവസ്ഥയുള്ള ഗാര്‍ഹിക പീഡന കുറ്റവുമാണ് കുറ്റപത്രത്തില്‍ തരൂരിന് എതിരെയുള്ളത്.