ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ശ്രീജിത്തിന്റെ ഭാര്യ

single-img
5 June 2018

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ്. 11 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി തുടങ്ങിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുന്‍ ആലുവ റൂറല്‍ എസ്.പി. ആര്‍.ടി.എഫ് രൂപീകരിച്ചത് തെറ്റായ നടപടിയാണ്. ഈ സംഘത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം മുന്‍ എസ്.പി. ന്യായീകരിക്കാന്‍ ശ്രമിച്ചെന്നും കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് വിശദീകരണം നല്‍കിയത്.

അതേസമയം കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആക്ഷേപം. പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ ശരിയാവില്ല.

പോലീസ് പ്രതിയായ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ കസ്റ്റഡി മരണ കേസ് സിബിഐക്ക് വിടണമെന്ന് അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതോടൊപ്പം ഈ സംഭവത്തെ ഹൈജാക്ക് ചെയ്യാനായി മറ്റുള്ളവരെ അനുവദിക്കരുതെന്ന നിലപാടും ശ്രീജിത്തിന്റെ ഭാര്യ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് കോടതിയില്‍ ഹാജരായത്.

അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണം അവസാനഘട്ടത്തില്‍ കടന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 13ന് വിശദമായി വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോടതി ഇക്കാര്യത്തില്‍ അന്തിമ പ്രസ്താവം പുറപ്പെടുവിക്കുക.